asif

ന്യൂഡൽഹി: ബോളിവുഡ് ന‌ടനും ‌ടെലിവിഷൻ താരവുമായ ആസിഫ് ബസ്രയെ (53) ഹിമാചൽ പ്രദേശിലെ ധരംശാലയിലെ ഒരു സ്വകാര്യ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അടുത്തിടെ പുറത്തിറങ്ങിയ പാതാൾ ലോക് വെബ്‌സീരിസിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വച്ച നടനാണ് ആസിഫ് ബസ്ര.

ധരംശാലയിലെ മക്‌ലിയോഡ്‌ജഞ്ചിലെ വാടക വീട്ടിലാണ് കഴിഞ്ഞ അഞ്ച് വർഷമായി ബസ്ര താമസിച്ചിരുന്നത്. 1998ൽ 'വോ'യിലൂടെ അഭിനയരംഗത്തെത്തിയ ആസിഫ്, ഹോസ്റ്റേജസ് എന്ന സീരിസിന്റെ രണ്ടാമത്തെ സീസണിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ആത്മഹത്യയാണെന്ന നി​ഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെ‌ടുത്ത് അന്വേഷണം ആരംഭിച്ചു.ഫോറസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി.

മഹാരാഷ്ട്രയിലെ അമരാവതിയിൽ 1967ൽ ജനിച്ച അദ്ദേഹം അഭിനേതാവാകാനായി 1989ലാണ് മുംബയിലേക്ക് താമസം മാറ്റുന്നത്.

മോഹൻലാൽ നായകനായ മലയാള ചിത്രം ബി​ഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.

ജബ് വി മെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാൻ, ഹിച്ച്കി, ശെെത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. നാടകമേഖലയിലും അറിയപ്പെടുന്ന നടനായിരുന്നു. ഇന്ത്യയിലും പുറത്തുമായി ഇംഗ്ലീഷ്, ഹിന്ദി, ഉർദു പ്രൊഡക്ഷനുകളുടെ ഭാഗമായിട്ടുണ്ട്.