ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കൊവിഡ് ആശ്വാസ പാക്കേജിൽ കരാറുകാരുടെ സാമ്പത്തിക ബാദ്ധ്യത കുറയ്‌ക്കാനും നടപടിയുണ്ട്. സർക്കാർ ടെൻഡർ വഴിയുള്ള നിർമ്മാണ, അടിസ്ഥാന വികസന പ്രവൃത്തികൾക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. തർക്കങ്ങളില്ലാത്ത നിലവിലെ പദ്ധതികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്നവയ്‌ക്കും ബാധകം. സംസ്ഥാനങ്ങൾക്കും മാതൃകയാക്കാം.
ഇളവുകൾ 2021 ഡിസംബർ 31വരെയാണ്. ടെൻഡറുകൾക്ക് കെട്ടിവയ്‌ക്കേണ്ട ഏണസ്‌റ്റ് മണി ഡെപോസിറ്റ് ഒഴിവാക്കി. സുരക്ഷാ സത്യവാങ്‌മൂലം മാത്രം നൽകിയാൽ മതി. കരാറുകൾക്കുള്ള പെർഫോമൻസ് സെക്യൂരിറ്റി 5-10 ശതമാനത്തിൽ നിന്ന് 3 ശതമാനമാക്കി.
അടിസ്ഥാന സൗകര്യത്തിന് 6000 കോടി
അടിസ്ഥാന വികസന പദ്ധതികൾക്ക് വായ്‌പ നൽകുന്ന നാഷണൽ ഇൻവെസ്‌റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രക്ചർ ഫണ്ട് (എൻ.ഐ.ഐ.എഫ്) കമ്പനികളിൽ 6000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കും. 2025വരെ വിവിധ പദ്ധതികൾക്ക് 1.10ലക്ഷംകോടി രൂപ വായ്‌പ നൽകും. ഇതിൽ, കടപ്പത്രങ്ങളിലൂടെ 95,000 കോടി സ്വരൂപിക്കും. ബാക്കി സ്വകാര്യ നിക്ഷേപകരിൽ നിന്നും.
എക്‌സിം ബാങ്ക് വഴി 3000 കോടി
വികസിത രാജ്യങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ 'ഐഡിയ" പദ്ധതിക്കു കീഴിൽ നടത്തുന്ന വിവിധ പദ്ധതികൾക്ക് എക്‌സിം ബാങ്കുവഴി 3000 കോടി രൂപ വായ്പ.
വ്യവസായത്തിന് 10,200 കോടി
ആഭ്യന്തര പ്രതിരോധ ഉത്പാദനം, വ്യാവസായിക ഇൻസെന്റീവ്, വ്യാവസായിക അടിസ്ഥാന വികസനം, ഹരിത ഊർജ്ജം തുടങ്ങിയ മേഖലകളിൽ.
ആദ്യമായി വീടു വാങ്ങുന്നവർക്ക് ആശ്വാസം
കൊച്ചി: റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും ഒരുപോലെ ആശ്വാസമേകുന്നതാണ് പുതിയ ആദായ നികുതി ഇളവ്. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ വിൽക്കുന്ന പദ്ധതിയുടെ യഥാർത്ഥ വിലയെക്കാൾ (അതായത്, സ്റ്റാമ്പ് ഡ്യൂട്ടിക്ക് സർക്കാർ കണക്കാക്കുന്ന വില) 20 ശതമാനം വരെ കുറച്ച് എഗ്രിമെന്റ് വയ്ക്കാനും അതുവഴി ആദായ നികുതിയിൽ ഇളവ് നേടാനുമാകും. ആദ്യമായി വാങ്ങുന്ന, രണ്ടുകോടി രൂപയിൽ താഴെ വിലയുള്ള വീടിനാണ് ഇതു ബാധകം.
ഉദാഹരണം
ഒരാൾ 25 ലക്ഷം രൂപയുടെ ഒരു പ്രോപ്പർട്ടി വാങ്ങുന്നു. കരാറിൽ വില്പനവിലയും യഥാർത്ഥ പ്രോപ്പർട്ടി വിലയും തമ്മിലെ അന്തരം 10 ശതമാനത്തിലധികമാണെങ്കിൽ ഇളവ് കിട്ടില്ല. പിഴയും വരാം. അതായത്, എഗ്രിമെന്റിൽ 22.50 ലക്ഷം രൂപയിൽ താഴെ കാണിക്കാനാവില്ല. എന്നാൽ, അന്തരം 20 ശതമാനം വരെ ആകാമെന്നതാണ് ഇന്നലെ ധനമന്ത്രി പറഞ്ഞത്.
എന്താണ് നേട്ടം?
ആദായ നികുതി കണക്കാക്കുന്നത് നിലവിലെ തുകയായ 22.50 ലക്ഷം രൂപയ്ക്ക് ആയിരിക്കും. പുതിയ പ്രഖ്യാപനപ്രകാരം, 20 ലക്ഷം രൂപ എഗ്രിമെന്റിൽ കാട്ടിയാൽ മതി. അതായത്, 20 ലക്ഷം രൂപയുടെ നികുതി നൽകിയാൽ മതി.