കോഴിക്കോട്: ലോകത്തെ ഒന്നാമത്തെ വലിയ ജുവലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മൂന്നു പുതിയ ഷോറൂമുകൾ ഒറ്റദിവസം തുറന്നു. മഹാരാഷ്‌ട്രയിലെ താനെ, ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഡൽഹിയിലെ ദ്വാരക എന്നിവിടങ്ങളിലാണ് ഷോറൂമുകൾ.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി ഷോറൂമുകൾ ഉദ്ഘാടനം ചെയ്‌തു. കോ-ചെയർമാൻ പി.എ. ഇബ്രാഹിംഹാജി, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. അബ്‌ദുൽ സലാം, പി.കെ. സിറാജ് എന്നിവർ സംസാരിച്ചു.
ആഭരണപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ആധുനികവും ചാരുതയാർന്നതും സമകാലികവുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് പുതിയ ഷോറൂമുകളിൽ അണിനിരത്തിയിരിക്കുന്നതെന്ന് എം.പി. അഹമ്മദ് പറഞ്ഞു. താനെയിൽ ഗോഖലെ റോഡിലെ ഗൗരംഗ് റോയൽ കെട്ടിടത്തിലും ഗാസിയാബാദിൽ അംബേദ്‌കർ റോഡിലും ദ്വാരകയിൽ ഹൈസ്‌ട്രീറ്റിലെ വേഗാസ് മാളിലുമാണ് പുതിയ ഷോറൂമുകൾ. ദ്വാരകയിലേത് ഡൽഹിയിലെ ഏഴാമത്തെയും താനെയിലേത് മഹാരാഷ്‌ട്രയിലെ എട്ടാമെത്തെയും ഷോറൂമാണ്.