pic

ബംഗളൂരു:മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവും കാമുകിയും പിടിയിൽ. കോലാർ സിറ്റിയിൽ വ്യവസായിയായ
ഭർത്താവിനും മകനുമൊപ്പം താമസിക്കുന്ന യുവതിയിൽ നിന്നുമാണ് മുൻ കാമുകനായ മഹേഷ് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയത്.

വിവാഹത്തിന് മുമ്പ് യുവതിയും മഹേഷും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും വർഷങ്ങളോളം തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മഹേഷ് യുവതിക്ക് വാട്ട്സാപ്പിൽ സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും സൗഹൃദത്തിലായി. പിന്നിട് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവർക്ക് മെസേജ് അയച്ചു. ഇതോടെ മൂന്ന് പേരും തമ്മിൽ സൗഹ‌ൃദത്തിലായി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ തുടക്കം.

യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങൾ അയച്ചു നൽകാൻ അനുശ്രീ ആവശ്യപ്പെട്ടു. ഇവർ ഇത് നൽകുകയും ചെയ്‌തു. തുടർന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തി മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ചാണ് അനുശ്രീയും മഹേഷും യുവതിയെ ബ്ലാക്ക് മെയിൽ ചെയ്‌തത്. ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചാൽ തന്റെ 11 വർഷത്തെ കുടുംബ ജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി പണം നൽകാൻ തയ്യാറാവുകയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ 1.3 കോടി രൂപയാണ് യുവതി ഇവർക്ക് നൽകിയത്. അക്കൗണ്ടിൽ നിന്നും പണം
നഷ്‌ട്ടപ്പെട്ടതിന് പിന്നാലെ ഭർത്താവ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്‌തു.