ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ സംഭാഷണം പരസ്പരം സൗകര്യപ്രദമായ മുറയ്ക്ക് ' ഉചിതമായ സമയത്ത് ' നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫ്രാൻസ്, ജർമനി, അയർലൻഡ്, യു.കെ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവൻമാരാണ് ഇതുവരെ ബൈഡനുമായി ഫോണിൽ സംസാരിച്ചത്. വാർത്താസമ്മേളനത്തിനിടെ മോദി എപ്പോഴാണ് ബൈഡനെ ഫോണിൽ വിളിക്കുക എന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് 'ഉചിതമായ സമയത്ത് ' നടക്കുമെന്ന വിവരം അറിയിച്ചത്.
മോദി ട്വീറ്റിലൂടെ ബൈഡനെ അഭിനന്ദിച്ചിരുന്നെന്നും ഇന്ത്യ - യു.എസ് ബന്ധം ശക്തമാക്കാൻ വൈസ് പ്രസിഡന്റയിരിക്കെ ബൈഡൻ വഹിച്ച പങ്കിനെ എടുത്തുപറഞ്ഞെന്നും അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ഇന്ത്യ - യു.എസ് ബന്ധത്തെ ഉന്നത തലങ്ങളിലേക്ക് വളർത്താൻ ബൈഡനുമായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് മോദി പറഞ്ഞതും ശ്രീവാസ്തവ ഓർമിപ്പിച്ചു. യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജ കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.