nitish-kumar

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യമായിരുന്നു ബാക്കിനിന്നിരുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത മുഖ്യമന്ത്രിയെ എന്‍.ഡി.എ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഷയത്തിൽ നിതീഷ് കുമാറിന്റെ പ്രതികരണം.

നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രഖ്യാപിച്ചിട്ടും തീരുമാനം എന്‍.ഡി.എ പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മുപ്പത് സീറ്റുകളിലെ വോട്ടുകള്‍ ചിരാഗ് പാസ്വാന്‍ ചിതറിച്ചതാണ് ജെ.ഡി.യുവിന് കനത്ത തിരിച്ചടിയായത്. ആരാണ് വോട്ട് ഭിന്നിച്ചതെന്ന് ബി.ജെ.പി മനസിലാക്കട്ടെയെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം സംസ്ഥാന മന്ത്രിസഭയിൽ ആഭ്യന്തരം, ധനം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈയാളാനുള്ള നീക്കം ബി.ജെ.പി തുടങ്ങി. ഇതിനിടെ മഹാസഖ്യം സ്ഥാനര്‍ത്ഥികള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി ഇരുപതിലേറെ മണ്ഡലങ്ങളില്‍ എന്‍.ഡി.എ വിജയിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയെഴുതിയെന്ന ആരോപണവുമായി തേജസ്വി യാദവ് രംഗത്തെത്തി.