മുംബയ്: ഇന്ത്യൻ നാവിക സേനയ്ക്ക് മുതൽകൂട്ടായി അഞ്ചാം തലമുറ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വാഗിർ നീറ്റിലിറക്കി.
മുംബയിലെ മസഗാവ് ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ നാവിക സേനയുടെ പ്രൊജക്ട് 75ന്റെ ഭാഗമായാണ് വാഗിർ നിർമിച്ചത്. ഫ്രഞ്ച് നാവിക സേനയും, ഊർജ്ജ കമ്പനിയായ ഡി.സി.എൻഎ.സും സംയുക്തമായാണ് രൂപകല്പന ചെയ്തത്.
ഇന്ത്യൻ നേവിയുടെ ആന്റി സർഫേസ്, ആന്റി സബ്മറൈൻ യുദ്ധമുഖങ്ങൾ, രഹസ്വാന്വേഷണ പ്രവർത്തനങ്ങൾ, നിരീക്ഷണം, മൈൻ നിക്ഷേപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ മുങ്ങിക്കപ്പൽ ഉപയോഗിക്കാനാകും.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടുവരുന്ന ആക്രമണകാരിയായ സാൻഡ് ഫിഷിൽ നിന്നുമാണ് വാഗിറിന് ഈ പേര് ലഭിച്ചത്. 1973 ഡിസംബർ 3നാണ് റഷ്യയിൽ നിന്നുള്ള ആദ്യ വാഗിർ അന്തർവാഹിനി ഇന്ത്യൻ നാവികസേന കമ്മിഷൻ ചെയ്തത്. മൂന്ന് ദശാബ്ദം രാജ്യത്തിന് വേണ്ടി സേവിച്ച ആദ്യത്തെ വാഗിർ 2001 ജൂൺ 7നാണ് ഡികമ്മിഷൻ ചെയ്തത്.
ടോർപിഡോകളോ ആന്റി - ഷിപ്പ് മിസൈലുകളോ ഉപയോഗിച്ച് സമുദ്രത്തിനടിയിലും ഉപരിതലത്തിലും ആക്രമണങ്ങൾ നടത്താൻ വാഗിറിന് കഴിയും. ഏതൊരു ആധുനിക അന്തർവാഹിനിയോടും ഏറ്റുമുട്ടാൻ വാഗിറിന് ശേഷിയുണ്ട്. വാഗിറിന്റെ വരവോടെ ഇന്ത്യ അന്തർവാഹിനി നിർമാണ മേഖലയിൽ നിർണായകമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
അന്തർവാഹിനികളിൽ ഒന്നാമത്തേത് ഐ.എൻ.എസ് കൽവരിയാണ്.
2015 ൽ രാജ്യത്തിന് സമർപ്പിച്ച ഐ.എൻ.എസ് കൽവരി 2017ലാണ് ഔദ്യോഗികമായി നാവിക സേനയ്ക്ക് കൈമാറിയത്.
നിലവിൽ കൽവരി, ഖണ്ടേരി എന്നീ അന്തർവാഹിനികൾ ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ അന്തർവാഹിനിയായ കരഞ്ജ് കടലിലെ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. നാലാമത്തെ അന്തർവാഹിനിയായ വേലയും പരീക്ഷണങ്ങൾ തുടങ്ങി. അതേ സമയം, ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്ഷീർ നിർമാണഘട്ടത്തിലാണ്.