ന്യൂഡൽഹി: വ്യക്തിപരമായ പ്രത്യയശാസ്‌ത്രങ്ങൾ രാജ്യ താത്പര്യങ്ങൾക്ക് വിരുദ്ധമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുവായ വലിയ ഒരു ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതിന് ഒരാൾ സ്വന്തം ആശയങ്ങളെ ത്യജിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിവേകാനന്ദ പ്രതിമ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വെർച്വൽ പരിപാടിയിൽ പങ്കെടുത്തു വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആളുകൾ ജെ.എൻ.യുവിൽ ചേർന്നപ്പോൾ തങ്ങളുടെ പ്രത്യയശാസ്‌ത്രങ്ങൾ ഉപേക്ഷിച്ചില്ല. ഞാൻ അടിയന്തരാവസ്ഥ കണ്ടിട്ടുണ്ട്. അവിടെ വ്യത്യസ്‌ത രാഷ്‌ട്രിയ പ്രത്യയശാസ്‌ത്രങ്ങൾ വിശ്വസിക്കുന്നവർ ഉണ്ടായിരുന്നു. കോൺഗ്രസും ആർ.എസ്.എസും. എന്നാൽ ദേശീയ താത്പര്യത്തിന് വേണ്ടി ഞങ്ങൾ എല്ലാവരും ഒരുമിച്ചുനിന്നു." മോദി പറഞ്ഞു.
ദേശീയ നന്മയ്ക്ക് പകരം സ്വന്തം താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നത് തെറ്റാണെന്നും
മോദി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും ഇതിലൂടെ ജെ.എൻ.യു
പോലെയുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും മോദി പറഞ്ഞു.
അതേസമയം വിവേകാനന്ദ പ്രതിമ പുന:സ്ഥാപിക്കുന്നതിനെതിരെ ജെ.എൻ.യു എസ് യു വിദ്യാർത്ഥീ സംഘടന രംഗത്തുവന്നു. പ്രതിമ പുനസ്ഥാപിക്കുന്നത് അനാവശ്യചിലവാണ് ഉണ്ടാക്കുന്നതെന്നും, ആ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കാമായിരുന്നുവെന്നുമാണ് ഇവർ പറയുന്നത്.