കൊച്ചി: ആഘോഷത്തിന്റെ നാളുകൾ വീണ്ടും എത്തിയിരിക്കുന്നു. പുതുമയെ വരവേൽക്കുന്നതു കൂടിയാണ് ഉത്സവകാലം. ഒക്‌ടോബറിൽ ആരംഭിച്ച് വർഷാന്ത്യം വരെ നീളുന്ന ഇന്ത്യയിലെ ഉത്സവകാലം കച്ചവടക്കാർക്കും റീട്ടെയിലുകാർക്കും ആവേശം പകരുന്ന നാളുകളാണ്.
പുതിയ വസ്‌ത്രങ്ങൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ഗാഡ്‌ജറ്റുകൾ തുടങ്ങിയവ വീട്ടിലേക്കെത്തുന്ന നാളുകൾ കൂടിയാണിത്. ഓൺലൈനിലും ഷോപ്പിംഗ് ഉത്‌സവം തകർക്കുന്നു. കൊവിഡ് ഭീതിയുള്ളതിനാൽ ഇക്കാലത്ത് ഓൺലൈൻ ഷോപ്പിംഗ് വൻ പ്രിയമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 85 ശതമാനം ആളുകളും ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്നു.
സ്വർണം ഓൺലൈനിൽ
ഏതെങ്കിലും രൂപത്തിൽ സ്വർണം വാങ്ങുന്നതാണ് ഉത്സവ സീസണിലെ ശുഭസൂചകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തി. പരമ്പരാഗതമായി ആഭരണങ്ങളായും നാണയങ്ങളായും സ്വർണം വാങ്ങുന്നതിനോടാണ് പ്രിയമെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ സ്വർണത്തിന്റെ ആവശ്യത്തിനും ഡിമാൻഡ് ഏറിയിട്ടുണ്ട്.
സ്വർണം വളരെ ചെലവേറിയതാണ്. അതുകൊണ്ട് തന്നെ വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. ഓൺലൈനായി വാങ്ങാമെന്നതാണ് ഡിജിറ്റൽ സ്വർണത്തിന്റെ സൗകര്യം. ചെലവു കുറവുമാണ്, സൗകര്യപ്രദമായ അളവിൽ വാങ്ങുകയും ചെയ്യാം.
സാധാരണ രീതിയിലുള്ള സ്വർണത്തിന് പണിക്കൂലി അധികം നൽകണമെന്നു മാത്രമല്ല, സുരക്ഷാപ്രശ്‌നങ്ങളുമുണ്ട്. ഓൺലൈനായി വാങ്ങുന്ന സ്വർണം ഡിജിറ്റൽ യൂണിറ്റുകളായി ലഭിക്കുന്നതിനാൽ ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാം. ഈ യൂണിറ്റുകൾ വളരെ കുറഞ്ഞ അളവിലും വാങ്ങാം. ഡിജിറ്റൽ സ്വർണം പണമാക്കുന്നത് എളുപ്പമാണ്; അധിക മൂല്യവും ലഭിക്കുന്നു. നിക്ഷേപകർക്ക് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നത്ര എളുപ്പത്തിൽ ഡിജിറ്റൽ സ്വർണം പണമാക്കാം.
സ്വർണ ഇ.ടി.എഫ്
ഡിജിറ്റൽ രൂപത്തിൽ സ്വർണം ഇ.ടി.എഫുകളായോ ഫണ്ടുകളായോ വാങ്ങാം. സ്വർണ ഇ.ടി.എഫുകൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മ്യൂച്വൽഫണ്ടുകളാണ്. അന്നന്നത്തെ സ്വർണ വില അനുസരിച്ച് ഷെയറുകൾ പോലെ വാങ്ങാം, വിൽക്കാം.
ഇ.ടി.എഫുകൾ കാര്യക്ഷമവും സൗകര്യപ്രദവുമായ രീതിയിൽ സ്വർണം സ്വന്തമാക്കലാണ്. ഇ.ടി.എഫ് യൂണിറ്റുകളായി വാങ്ങുന്നതിനാൽ ഭൗതിക രൂപം ഉണ്ടാകില്ല. ഭൗതിക സ്വർണത്തിന്റെ വില ഭാവിയിൽ ഉയർന്നുകൊണ്ടിരിക്കും.
ഉദാഹരണത്തിന്, ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4,500-5,000 രൂപവരെയുണ്ട്. എന്നാൽ, ഇ.ടി.എഫിലൂടെ 1,000 രൂപയ്ക്കുവരെ സ്വർണത്തില്‍ നിക്ഷേപിക്കാം. ഡിമാറ്റ് അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് ഫണ്ടുകളുടെ സ്വർണ ഫണ്ട് നല്ലൊരു നിക്ഷേപ മാർഗമാണ്. ഈ ഫണ്ടുകൾ സ്വർണ ഇ.ടി.എഫിൽ നിക്ഷേപിച്ച് മ്യൂച്വൽഫണ്ട് പോലെ പ്രവർത്തിക്കുന്നു. വലിയ തുകയായോ എസ്.ഐ.പിയായി ഏറ്റവും കുറഞ്ഞത് 500 രൂപ മുതലും നിക്ഷേപിക്കാം.
പരമാവധി റിട്ടേണും നേടാം. ഇന്ത്യക്കാർക്ക് സ്വർണം പാരമ്പര്യമാണ്. അതിനാൽ, അല്പം പണം ഡിജിറ്റൽ സ്വർണത്തിലേക്ക് കൂടി നിക്ഷേപിക്കാൻ മാറ്റിവച്ച് ഭാവിയിലേക്ക് കരുതുക.
(എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ബിസിനസ് ഓഫീസറാണ് ലേഖകൻ)