gene

ന്യൂയോർക്ക്: കൊവിഡ് വെെറസിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു പുതിയ ജീൻ കണ്ടെത്തിയതായി ഗവേഷകർ. ഇതിന്റെ അതുല്യമായ ജീവശാസ്ത്ര ഘടകമാകാം പകർച്ചവ്യാധി രൂക്ഷമാകാൻ കാരണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കൊവിഡ് വെെറസിനെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിന് ഇത് സഹായകരമാകാമെന്നും വിദഗ്‌ദ്ധർ കരുതുന്നു.

യു.എസിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലുള്ള ശാസ്ത്രജ്ഞർ പറയുന്നത് പ്രകാരം 15 ജീനുകളെക്കുറിച്ചുള്ള പഠനം കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമിക്കുന്നതിന് കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ്. ഹോസ്റ്റ് സെല്ലുകൾക്കുള്ളിലുള്ള ജീനുകൾ വൈറസിന്റെ തനിപ്പകർപ്പുകൾ പുനർനിർമിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുവെന്നും ഗവേഷകർ വിശ്വസിക്കുന്നതായി ഇലെെഫ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് വൈറസുകൾ വ്യാപിക്കുന്നതിനും മനുഷ്യരിലെ പ്രതിരോധശേഷി തടസ്സപ്പെടുത്തുന്നതിനും ഈ ഓവർലാപ്പിംഗ് ജീനുകൾ കാരണമാകുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഓവർലാപ്പിംഗ് ജീനുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് വെെറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഓവർലാപ്പു ചെയ്യുന്ന ജീനുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതിനായി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിലും ഇവ കണ്ടെത്താൻ പ്രയാസമാണെന്നും ഗവേഷകർ പറയുന്നു.