തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾ സജീവമാകുമ്പോൾ, കേരളത്തെ ഉദ്വേഗമുനയിൽ നിറുത്തുന്നത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയമാണ്. സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കള്ളക്കേസിൽ എൻ ഐ എയുടെ അന്വേഷണമാണ് ത്വരിത ഗതിയിൽ ആരംഭിച്ചതെങ്കിലും, ഇപ്പോൾ ഇഡിയുടെ അന്വേഷണമാണ് കേരള രാഷ്ട്രീയത്തെ പൊള്ളിക്കുന്നത്. ഇടത് മുന്നണിയാണ് ഇഡിയുടെ അന്വേഷണത്തിനെതിരെ പ്രതിരോധക്കോട്ട കെട്ടുന്നത്. ഇ.ഡിയുടെ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ട് മുന്നേറുകയാണെന്ന സംശയമാണ് പാർട്ടിയെ കുഴക്കുന്നത്.
എം.ശിവശങ്കറിൽ നിന്ന് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിലേക്ക് ഇ.ഡി ചൂണ്ടയെറിഞ്ഞു കഴിഞ്ഞു. 17ന് ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചാലും ഇല്ലെങ്കിലും രവീന്ദ്രനിലേക്ക് നീങ്ങുകയാണ് അന്വേഷണത്തിന്റെ ഗതി. എന്നാൽ ഇതിനെ കേന്ദ്ര ഏജൻസിയുടെ അന്വേഷണ നാടകമാണെന്നും, സർക്കാരിനെ കരിവാരിത്തേയ്ക്കാനുള്ള തിരക്കഥ ബോധപൂർവ്വമൊരുക്കി രാഷ്ട്രീയ പുകമറ സൃഷ്ടിക്കാനുള്ള ബി.ജെ.പി തന്ത്രമുണ്ടെന്നുമുള്ള പ്രചാരണം നടത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുശ്രമം. ഈ മാസം 16ന് നടത്തുന്ന ജനകീയപ്രതിരോധം ഇതിന്റെ ആദ്യപടിയായി കണക്കാക്കാം.
ഇടത് സർക്കാരിനെ കുഴക്കുന്ന ഇഡിയുടെ അന്വേഷണത്തെ പ്രചരണായുധമാക്കുമ്പോഴും, ഇരുതലമൂർച്ചയുള്ള ഇഡിയുടെ പ്രവർത്തികളിൽ യു ഡി എഫ് ക്യാമ്പും അസ്വസ്ഥരാണ്. പ്രത്യേകിച്ചും യു ഡി എഫിലെ പ്രധാന പാർട്ടിയായ മുസ്ളീം ലീഗിനാണ് ഇഡിയുടെ പ്രഹരം ഏറ്റവും ഏൽക്കേണ്ടി വന്നത്. മുസ്ലിംലീഗ് എം.എൽ.എയായ കെ.എം. ഷാജിക്കു മേൽ ഇ.ഡി വലവിരിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഇ.ഡിയുടെ 'ടവർ' പരിധിയിലാണ്. ജുവലറി നിക്ഷേപ തട്ടിപ്പിൽ ലീഗിന്റെ എം.സി. ഖമറുദ്ദീൻ എം.എൽ.എ പൊലീസിന്റെ പിടിയിലായതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. ഖമറുദ്ദീനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം ഹൈക്കോടതി തള്ളിയത് തിരിച്ചടിയായി. ഖമറുദ്ദീനെയും ഇഡി നോട്ടമിടുന്നതായി റിപ്പോർട്ടുകളുണ്ട്.
കേന്ദ്രത്തിന്റെ വിശ്വസ്തൻ ഇ ഡി തലവന്റെ കാലാവധി നീട്ടാൻ മോദി സർക്കാർ ഇ ഡിയെ കേന്ദ്രം എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു എന്ന ആരോപണത്തിന് ശക്തി കൂട്ടുന്ന ഒരു നീക്കം ഡൽഹിയിൽ നടക്കുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോദി സർക്കാരിന്റെ വിശ്വസ്തനായ ഇ ഡി തലവൻ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിനൽകാൻ ആലോചിക്കുന്നു എന്ന വിവരമാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. മിശ്രയുടെ കാലാവധി വരുന്ന ബുധനാഴ്ചയാണ് അവസാനിക്കുന്നത്. അതേസമയം കാലാവധി നീട്ടി നൽകാൻ നിയമതടസമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ റാങ്ക് നൽകി സർവീസിൽ നിന്ന് വിരമിച്ചയാളെ പുനർനിയമനം നൽകി നിയമിക്കാനാവുമോ എന്നതാണ് കാരണം.
ഐ.ആർ.എസ് ഉദ്യോഗസ്ഥനായ മിശ്രയ്ക്ക് മേയ് 20 ന് തന്നെ വിരമിക്കൽ പ്രായമായ 60 വയസ് കഴിഞ്ഞിരുന്നെങ്കിലും രണ്ടു വർഷ കാലാവധിയുള്ളതിനാൽ ഡയറക്ടർ സ്ഥാനത്ത് തുടരുകയായിരുന്നു. ഡയറക്ടർക്ക് കുറഞ്ഞത് അഡീഷണൽ സെക്രട്ടറി റാങ്കുണ്ടാകണം. മിശ്രയ്ക്ക് കാലാവധി നീട്ടിനൽകണമെങ്കിൽ ആദ്യം അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ പുനർ നിയമിക്കണം. തുടർന്ന് ഇ.ഡി ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സി.വി.സി നേതൃത്വത്തിലുള്ള സമിതി പരിഗണിക്കണം. ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് സി.വി.സി നിയമത്തിൽ പരാമർശമില്ലെന്നും, ഇതുവരെയായി ഒരു ഇ.ഡി ഡയറക്ടർക്കും കാലാവധി നീട്ടിനൽകിയിട്ടില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1984 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനായ എസ് കെ മിശ്ര ഇഡി തലവനാകുന്നതിന് മുൻപ് ഇൻകം ടാക്സ് വിഭാഗത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എൻ ഡി ടിവി, നാഷണൽ ഹെറാൾഡ്, മായാവതി എന്നിവർക്കെതിരെയുള്ള നികുതി വെട്ടിപ്പ് കേസുകളിൽ അന്വേഷണം നടത്തിയത് മിശ്ര ഐ ടി വിഭാഗത്തിന്റെ തലവനായ സമയത്തായിരുന്നു. ഇദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകാനായില്ലെങ്കിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ഡി.ജിയായ ബാലേഷ് കുമാർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രട്ടറി എസ്.എം സഹായ്, മുംബയ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ അമിത് ജെയിൻ എന്നിവരെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.