തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് മദ്യവും പൊലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യ ഫയലുകളും കൈമറിഞ്ഞു. 33 കോടിയുടെ മദ്യമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ബെവ്കോ ഔട്ട് ലെറ്രുകളിൽ നിന്ന് കാണാതായതെങ്കിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് ചോർന്നത് സുപ്രധാന ഫയലുകളാണ്.
കോടികൾ വിലവരുന്ന മദ്യവും രഹസ്യഫയലുകളും ചോരുമ്പോഴും നടപടിയെടുക്കാനാകാതെ നിസഹയാവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ജീവനക്കാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് ജീവനക്കാർ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കിൽ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. 2010ൽ രണ്ട് കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്ന് കാണാതായതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഈ കണക്ക് ആറ് കോടിയായി ഉയർന്നു. എത്ര രൂപയുടെ മദ്യമാണോ നഷ്ടപ്പെട്ടത് അത് മാത്രം തിരിച്ചടച്ചാൽ ജീവനക്കാർക്ക് രക്ഷപ്പെടാമെന്നതാണ് ക്രമക്കേട് നടത്തുന്നവർ അവസരമാക്കി മാറ്റുന്നത്.
കോടികളുടെ ക്രമക്കേട് തുടരുമ്പോഴും ഇതുവരെ ക്രിമിനൽ നടപടി സ്വീകരിച്ചത് വെറും ആറ് സംഭവങ്ങളിൽ മാത്രമാണ്. ബാദ്ധ്യത വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് മദ്യത്തിന്റെ പണം ഈടാക്കുന്ന ബെവ്കോ പക്ഷേ മദ്യം വിറ്റില്ലെന്ന പേരിൽ നികുതി സർക്കാരിലേക്ക് അടയ്ക്കുന്നുമില്ല. വിൽക്കാൻ സൂക്ഷിക്കുന്ന മദ്യത്തിന്റെ സ്റ്റോക്കിൽ വരുന്ന കുറവിനെ ബെവ്കോ ലയബിലിറ്റി എന്നാണ് വിളിക്കുന്നത്. വർഷം രണ്ട് തവണയാണ് സ്റ്റോക്ക് പരിശോധിച്ച് ലയബിലിറ്റി കണക്കാക്കുന്നത്. സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത്രയും രൂപ അവിടുത്തെ എല്ലാ ജീവനക്കാരും തുല്യമായി വീതിച്ച് ബെവ്കോയ്ക്ക് നൽകണം. കുറ്റം ചെയ്താലും ഇല്ലെങ്കിലും എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത് മാത്രം തിരിച്ചടച്ചാൽ മതി.
മദ്യത്തിന്റെ വലിയൊരു ശതമാനം സർക്കാരിലേക്ക് അടക്കേണ്ട നികുതിയാണ്. എന്നാൽ, ഇത്തരത്തിൽ കുറവ് വരുന്ന മദ്യം വിറ്റതല്ല, കാണാതായതാണ് എന്ന ന്യായം പറഞ്ഞ് ബെവ്കോ തിരിച്ചുപിടിക്കുന്ന ഈ കോടികളിൽ നിന്ന് ഒരു രൂപ നികുതി പോലും സർക്കാരിലേക്ക് അടക്കുന്നുമില്ല. പത്ത് വർഷത്തിനിടെ മദ്യം കാണാതായതിനെത്തുടർന്ന് ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിച്ച 33 കോടി രൂപ എങ്ങനെ ബെവ്കോ ചെലവഴിച്ചു എന്ന ചോദ്യത്തിന് ബെവ്കോയ്ക്ക് മറുപടിയുമില്ല. പലപ്പോഴും ആരാണ് മദ്യം കടത്തിക്കൊണ്ടുപോയതെന്നോ ആരാണ് യഥാർത്ഥ ഉത്തരവാദി എന്ന് അന്വേഷിക്കുന്നുപോലുമില്ല.
വേലി തന്നെ വിളവ് തിന്നുന്നു
വേലി തന്നെ വിളവ് തിന്നുന്ന സമാന സംഭവമാണ് പൊലീസ് ആസ്ഥാനത്തും നടന്നിരിക്കുന്നത്. പൊലീസ് നവീകരണത്തിനായുളള തുക വകമാറ്റി ചെലവഴിച്ചെന്ന സി.എ.ജി റിപ്പോർട്ടിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യരേഖകൾ ചോർന്നതായാണ് കണ്ടെത്തൽ. എന്നാൽ, ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറിയെ ഉൾപ്പെടുത്തി സർക്കാർ നിയോഗിച്ച രഹസ്യ സമിതിക്ക് ചോർച്ചയുടെ ഉറവിടം കണ്ടെത്താനായില്ല. കുറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തരവകുപ്പുതല അന്വേഷണത്തിന് പകരം പ്രത്യേക സംഘം അന്വേഷിക്കുന്നതാകും ഉചിതമെന്ന നിലപാടിലാണ് സമിതി. അന്വേഷണ റിപ്പോർട്ട് ഉടൻ പരിശോധിക്കും.
പൊലീസ് നവീകരണത്തിനുളള തുക വകമാറ്റി ചെലവാക്കിയത് സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിന് മുമ്പേ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കാനുളള തുക ഐ.പി.എസുകാർക്ക് ഫ്ലാറ്റ് നിർമ്മിക്കാനാണ് ചെലവഴിച്ചത്. തൊട്ടുപിന്നാലെ വെടിയുണ്ട വിവാദം കൂടി പുറത്തുവന്നതോടെയാണ് പൊലീസ് ആസ്ഥാനത്തെ സുപ്രധാന ഫയലുകൾ ചോർന്നതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചത്. ചോർച്ചയുടെ ഉത്തരവാദികളെ കണ്ടെത്താനാകാതെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.