കേന്ദ്ര അന്വേഷണ ഏജൻസികൾ ചമച്ച പത്മവ്യൂഹത്തിന് നടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വർണക്കടത്തിനും ലൈഫിനും പുറമെ സർക്കാരിന്റെ വമ്പൻ പദ്ധതികളിലെല്ലാം പിടിമുറുക്കിയിരിക്കുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സർക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സി.ബി.ഐ കാത്തുനിൽക്കുന്നു. സ്വർണക്കടത്ത് പ്രതികളുടെ ഉന്നത സ്വാധീനം കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് എൻ.ഐ.എ.
മുഖ്യമന്ത്രിയുടെ വലംകൈയും അഡി.പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയപ്പോൾ തന്നെ മുഖ്യമന്ത്രിയിലേക്കാണ് ഇ.ഡി നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രവീന്ദ്രനെ ഡിസ്ചാർജ് ചെയ്താലുടൻ ഇ.ഡി ചോദ്യംചെയ്യും. രവീന്ദ്രന്റെ ആഞ്ജാനുവർത്തിയായിരുന്നു ശിവശങ്കറെന്നാണ് ഇ.ഡി പറയുന്നത്. രവീന്ദ്രനെ കിട്ടിയാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ക്രമക്കേടുകളുടെയെല്ലാം ചുരുളഴിക്കാമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായാണ് സ്വർണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചത്.
പല വഴികളിലായെത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ വളയുകയാണ് ഇ.ഡി. സർക്കാർ പദ്ധതികളിൽ ക്രമക്കേട് കാട്ടിയെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് രവീന്ദ്രനും ശിവശങ്കറിനും പുറമെ മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. സ്വർണക്കടത്ത് പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അറിയാമായിരുന്നോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇ.ഡി പരിശോധിക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും. രണ്ട് കമ്പനികൾക്ക് മാത്രമായി ലൈഫിലെ 26കരാറുകൾ ലഭിച്ചതിലും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ്. ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ഈ കമ്പനികൾക്ക് വിവരങ്ങൾ ചോർന്നുകിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമം നടന്നോയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.