ഒരു കാർ വാങ്ങുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിൽ ഉപഭോക്താക്കൾ ഏറ്റവും പ്രാധാന്യം നൽകുന്നത് മൂന്ന് കാര്യങ്ങളാണ് വില,സ്റ്റൈൽ, സുരക്ഷ എന്നിവ. തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഏറ്റവും സ്റ്റൈൽ കാറിൽ സുരക്ഷിത യാത്രയാണ് വാഹന പ്രേമികൾ അഗ്രഹിക്കുന്നത്.
ഒരുപാട് കാർ കമ്പനികൾ ഉള്ളതിനാൽത്തന്നെ ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുകയാണ് നിർമാതാക്കൾ ചെയ്യുന്നത്. നിർഭാഗ്യവശാൽ ചില നിർമാതാക്കളാകട്ടെ തങ്ങളുടെ കാറിന് കൂടുതൽ സുരക്ഷയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ രാജ്യത്ത് അപകടങ്ങളും കൂടുന്നു.
അപകടങ്ങളും, മരണങ്ങളും കുറയ്ക്കുന്നതിന് കാർ നിർമാതാക്കൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്.ഇതോടെ നിർമാതാക്കൾ കൂടുതൽ കരുത്തുറ്റ ബോഡി ഷെല്ലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും, എയർബാഗുകൾ ഉപയോഗിച്ച് മോഡലുകൾ സജ്ജീകരിക്കാനും തുടങ്ങി. ഉദാഹരണത്തിന് മാരുതി സുസുക്കി എസ്പ്രസ്സോയുടെ കാര്യം എടുക്കുക. സ്റ്റാൻഡേർഡായ ഇബിഡിയോടൊപ്പം എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, ഡ്യുവൽ എയർബാഗുകൾ പോലുള്ള നിരവധി സുരക്ഷാ നിരവധി കവചങ്ങളും റിയർ പാർക്കിംഗ് അസിസ്റ്റ് സെൻസറും ലഭിക്കുമെന്നും കമ്പനി പറയുന്നു.
സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് മാരുതി വക്താവ് അറിയിച്ചു.സുരക്ഷയുമായി ബന്ധപ്പെട്ട പരീക്ഷണത്തിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്, കിയ സെൽറ്റോസ് എന്നിവയും മുന്നിട്ടു നിൽക്കുന്നു. ടാറ്റ നെക്സൺ, അൽട്രോസ്, മഹീന്ദ്ര എക്സ് യു വി 300 തുടങ്ങിയ കാറുകൾ മുമ്പ് ഗ്ലോബൽ എൻസിഎപി ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു.ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ വളരെയധികം മുന്നോട്ട് പോയി എന്നും, നിർമാതാക്കളെല്ലാം മാനദണ്ഡങ്ങൾ പാലിക്കുന്നതിന് നിർബന്ധിതരായിരിക്കുന്നുവെന്നുമാണ് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്.
റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സർക്കാരും തീരുമാനിച്ചു. പ്രതിവർഷം അഞ്ച് ലക്ഷത്തോളം റോഡപകടങ്ങളാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. അതിൽ 1.5 ലക്ഷത്തോളം പേർ ജീവൻ നഷ്ടപ്പെടുന്നു. അടുത്തവർഷം മാർച്ച് ആകുമ്പോഴേക്ക് അപകടങ്ങളിൽ 20-25 ശതമാനം കുറവ് വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയും, റോഡിന്റെ അവസ്ഥയുമൊക്കെ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. കാർ നിർമാണത്തിനൊപ്പം ഇവയും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.