squid

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്‌ത മത്സ്യങ്ങളിൽ കൊവിഡ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒരാഴ്‌ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ മത്സ്യ കയ‌റ്റുമതി കമ്പനിയായ ബസു ഇന്റർനാഷണലിനെയാണ് വിലക്കുന്നതെന്ന് ചൈനീസ് കസ്‌റ്റംസ് വ്യക്തമാക്കി. ശീതീകരിച്ച കണവ മത്സ്യങ്ങളുടെ മൂന്ന് സാമ്പിളുകളിൽ നിന്നാണ് കൊവിഡ് രോഗാണു കണ്ടെത്തിയത്. ഒരാഴ്‌ചയ്‌ക്ക് ശേഷം ഇറക്കുമതി പുനരാരംഭിക്കുമെന്ന് കസ്‌റ്റംസ് പൊതുഭരണ വിഭാഗം അറിയിച്ചു.

മുൻപ് ഈയാഴ്‌ച തന്നെ ഇന്തോനേഷ്യയിലെ ഒരു കമ്പനിയിൽ നിന്നും ഇറക്കുമതി ചെയ്‌ത മത്സ്യങ്ങളുടെയും സാമ്പിൾ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പി.ടി.അനുഗ്രഹ് ലോട്ട് ഇന്തോനേഷ്യ എന്ന കമ്പനിയെയും ഒരാഴ്‌ചത്തേക്ക് വിലക്കിയിരുന്നു. ശീതീകരിച്ച മത്സ്യ സാമ്പിളുകളിൽ നിന്ന്തന്നെയാണ് കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

മുൻപ് ഈ വർഷം ആദ്യം ചൈനയുമായി ലഡാക്കിൽ തർക്കങ്ങളെ തുടർന്ന് ഇന്ത്യൻ മത്സ്യ ഇറക്കുമതികൾക്ക് ചൈന താമസം വരുത്തിയിരുന്നു. ഇതുമൂലം ഇന്ത്യൻ വ്യാപാരികൾക്ക് കനത്ത നഷ്‌ടം നേരിടേണ്ടി വന്നിരുന്നു. ചെമ്മീൻ, കണവ എന്നിവയുടെ വലിയ വിപണിയാണ് ചൈന. മൂന്ന് ദിവസം കൊണ്ട് നൽകിയിരുന്ന അനുമതിക്ക് പത്ത് ദിവസം കാത്തിരുന്നാലും ലഭിക്കാത്ത അവസ്ഥ വന്നിരുന്നു. നൂറ് കോടി ഡോളറിന്റെ വാർഷിക വരുമാനമായിരുന്നു ഇന്ത്യയ്‌ക്ക് ചൈനയിൽ നിന്നും മത്സ്യ കയ‌റ്റുമതിയിലൂടെ ലഭിച്ചിരുന്നത്. മത്സ്യം മാത്രമല്ല ഇന്ത്യയുടെ മൊത്തം കയ‌റ്റുമതിയുടെ 5.1 ശതമാനം ചൈനയിലേക്കാണ്.

ഇന്ത്യയിലേക്ക് ചൈന ഇറക്കുമതി ചെയ്‌തിരുന്നത് മുഖ്യമായും ഇലക്‌ട്രിക്കൽ ഉൽപന്നങ്ങളും, അവയുടെ ഭാഗങ്ങളും, ഓർഗാനിക് രാസപദാർത്ഥങ്ങൾ, ആണവ റിയാക്‌ടറുകൾ, ബോയിലറുകൾ, സിൽക്ക്,എണ്ണ എന്നിവയാണ് . ഇവയിൽ മുന്നൂറോളം ഉൽപന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാൻ മുൻപ് ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല ചൈനീസ് ഇറക്കുമതികളുടെ ഗുണനിലവാരം പരിശോധിക്കാനും ലൈസൻസിങ് ഏർപ്പെടുത്താനും ഇന്ത്യ ഉദ്ദേശിച്ചിരുന്നു. സർക്കാർ പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.