mumbai

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ടുവർഷം കഴിഞ്ഞെങ്കിലും നീതി നടപ്പാക്കാൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായില്ലെന്ന് ഇന്ത്യ. ഭീകരാക്രമണത്തിന് സഹായം നൽകിയ 19 പേരെ കഴിഞ്ഞദിവസം പാകിസ്ഥാൻ ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ഇതിനുളള മറുപടിയായാണ് വിദേശമന്ത്രാലത്തിന്റെ കടുപ്പിച്ചുളള പ്രതികരണം. ഇവരെ ശിക്ഷിക്കണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ഒളിച്ചുകളിക്കുന്ന നിലപാടായിരുന്നു പാകിസ്ഥാന്.

മുംബയ് ഭീകരാക്രമണത്തെ സഹായിച്ചവരുൾപ്പടെ 1,210 പേരെയാണ് പാകിസ്ഥാൻ കൊടുംഭീകരുടെ പട്ടികയിൽ പെടുത്തിയത്. എന്നാൽ, ഭീകരരായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട ഹാഫിസ്‌ സെയിദ്, സാക്കി റഹ്മാൻ ലഖ്‌വി എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്താൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഇതിനെക്കുറിച്ച് പാകിസ്ഥാൻ മൗനം പാലിക്കുകയാണ്.

'ഭീകരാക്രമണം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഉത്തരവാദികളായവരെ ശിക്ഷിക്കാൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല. പതിനഞ്ച് രാജ്യങ്ങളിലുളള 166 പേരുടെ കുടുംബങ്ങൾ നീതി ആവശ്യപ്പെട്ടെങ്കിലും ആക്രമണത്തിന് ഉത്തരവാദികളായവരെയും പിന്നിൽ പ്രവർത്തിച്ചവരെയും സംരക്ഷിക്കുന്ന നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചത്. ഭീകരാക്രമണത്തെ സഹായിച്ചവർക്കൊപ്പം ആസൂത്രണം ചെയ്തവരെയും ശിക്ഷിക്കണം. എങ്കിൽ മാത്രമേ നീതി ലഭ്യമാകൂ' -വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

ഇന്ത്യ കൊടുംകുറ്റവാളികളായി പ്രഖ്യാപിച്ച് ദാവൂദ് ഇബ്രാഹിമും മസൂദ് അസറും പാകിസ്ഥാനിൽ സസുഖം കഴിയുകയാണ്. പാക് ചാര സംഘടനയായ ഐ എസ് ഐയാണ് ഇവരെ സംരക്ഷിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇവർക്കെതിരെയുളള തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു.