ഫേസ്ബുക്ക് ലൈവിൽ ഫിറോസ് കുന്നംപറമ്പിൽ ധരിച്ച ടിഷർട്ടുമായി ബന്ധപ്പെട്ട് വിമർശനവുമായി ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ലക്ഷ്വറി ബ്രാൻഡായ ഫെൻഡിയുടെ ടീ ഷർട്ടാണ് ഫിറോസ് ധരിച്ചതെന്നും,മുപ്പത്തയ്യായിരം രൂപയാണ് അതിന്റെ വിലയെന്നുമായിരുന്നു വിമർശനം.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ ടിഷർട്ടുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഫിറോസ്.
'ആയിരം രൂപകൊണ്ട് ടിഷർട്ട് എടുക്കാൻ ഒരു ഷോപ്പിൽ പോയി. എന്റെ കയ്യിൽ അതിന്റെ ബില്ലൊക്കെ ഉണ്ട്. രണ്ട് ടീഷർട്ടും, ഒരു ബാഗും, ഒരു ട്രാക്സ്യൂട്ടും എടുത്തു. ഇവിടത്തെ മുപ്പത് രൂപയാണ് ടിഷർട്ടിന് വില. '-ഫിറോസ് പറഞ്ഞു. ഒരു വിഭാഗം ആളുകൾ നിരന്തരം തനിക്കെതിരെ ഇറങ്ങിത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കുറ്റപ്പെടുത്താനായിട്ട് ചോദ്യങ്ങൾ ചോദിക്കുന്നയാളുകളോട് താൻ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങൾ അറിയേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു.
പാവങ്ങൾക്കായി ഇറങ്ങിത്തിരിച്ചപ്പോൾ കൂടെനിന്ന അനേകായിരം പ്രവാസികൾ, ഞാൻ കാണിക്കുന്ന അക്കൗണ്ടുകളിലേക്ക് പണമയച്ചപ്പോൾ, ഒരു ദിവസം കൊണ്ട് ലക്ഷങ്ങളും കോടികളുമായപ്പോൾ, അത് കണ്ട് കണ്ണ് തള്ളി അല്ലെങ്കിൽ അസൂയ മൂത്ത് പ്രാന്ത്പിടിച്ച് കുറേ എണ്ണങ്ങൾ ഇറങ്ങിത്തിരിച്ച് ഇങ്ങനത്തെ വിമർശനങ്ങൾ കൊണ്ടുവരുന്നു. വല്ലാത്ത ലോകമാണ്. നന്മചെയ്തതിന്റെ പേരിലാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ ഇതിനെയൊക്കെ രസകരമായിട്ട് എടുക്കുന്നയാളാണ്. കാരണം വിവാദങ്ങളാണ് ഒരു മനുഷ്യനെ വളർത്തുന്നത്. നിങ്ങൾ മുപ്പത്തയ്യായിരം രൂപയുടെ ടിഷർട്ട് ഫിറോസ് ഇട്ടെന്ന് പറഞ്ഞാൽ ആ എഴുതിയ പൊട്ടനും അതിനെ ഏറ്റുപിടിച്ച പൊട്ടന്മാരുമല്ലാതെ ബുദ്ധിയുള്ള, അല്ലെങ്കിൽ എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല'-അദ്ദേഹം പറഞ്ഞു.