online-class

കൊവിഡ് കാലമായതിനാൽ സ്‌കൂളിൽ പോകാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാത്തത് കുട്ടികളിൽ പല ശാരീരിക,മാനസിക പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ഓൺലൈൻ ക്ളാസുകൾ സജീവമായതോടെ മൊബൈൽ,​ കമ്പ്യൂട്ടർ,​ ഐപാഡ് എന്നിവ കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരുന്നു. കുട്ടികളിൽ ഫോൺ ദുരുപയോയോഗവും വർദ്ധിക്കുകയാണ്.

ഓൺലൈൻ പഠനം കഴിവതും ലാപ് ടോപ്പ്,​ ടെസ്‌ക് ടോപ്പ്,​ കമ്പ്യൂട്ടർ എന്നിവയിലൂടെ നടത്തുകയാണ് പരിഹാരം. ഇതിന് സാഹചര്യമില്ലെങ്കിൽ മൊബൈൽ ഉപയോഗം ഓൺലൈൻ ക്ളാസ് സമയത്തേക്ക് മാത്രം നിജപ്പെടുത്തുക. ഓൺലൈൻ ക്ളാസിന് ശേഷം വീണ്ടും മൊബൈൽ ഉപയോഗിക്കേണ്ട പഠനരീതി മാറ്റുക. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കുന്നുണ്ട്.

അനാവശ്യ ചാറ്റ് വേണ്ട
സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അനാരോഗ്യ ബന്ധങ്ങളാണ് മറ്റൊരു വെല്ലുവിളി. പലരുമായും ചാറ്റ്, ആശയവിനിമയം, ചിത്രങ്ങളടക്കം കൈമാറൽ എന്നിവയിലൂടെ അവർ വൈകാരിക അടിമത്തത്തിലാവുന്നു. ഇതിലൂടെ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു. ഡിജിറ്റൽ ഉപകരണത്തെക്കുറിച്ച് മാതാപിതാക്കൾക്കും ആഴത്തിൽ അറിവുണ്ടായിരിക്കണം.കുട്ടികൾ ഉപയോഗിക്കാൻ പാടില്ലാത്ത സൈറ്റുകൾ ബ്ലോക്ക് ചെയ്ത് വയ്ക്കണം.

ഇതിന് പേരന്റൽ കൺട്രോൾ ആപ്പുകൾ നിലവിലുണ്ട്. കുട്ടികളുടെ മൊബൈൽ ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യണം.

വിഷാദരോഗം

കുട്ടികളിലെ വിഷാദരോഗമാണ് മറ്റൊരു പ്രശ്നം. വിഷാദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ - രാവിലെ മുതൽ വൈകും വരെ തുടർച്ചയായി നീണ്ടുനില്‌ക്കുന്ന സങ്കടഭാവം അല്ലെങ്കിൽ ദേഷ്യഭാവം,​ ആസ്വദിച്ച് ചെയ്‌തിരുന്ന കാര്യങ്ങളിലെ താത്‌പര്യമില്ലായ്‌മ,​ അകാരണ ക്ഷീണം,​ വിശപ്പില്ലായ്‌മ,​ ഉറക്കക്കുറവ്,​ ഏകാഗ്രതക്കുറവ്,​ ചിന്തകളുടെയും പ്രവൃത്തികളുടെയും ഗതിവേഗത്തിലുണ്ടാകുന്ന കുറവ്,​ നിരാശയും പ്രതീക്ഷയില്ലായ്‌മയും,​ മരണചിന്തയും ആത്മഹത്യാപ്രവണതയും. ഇതിൽ അഞ്ച് ലക്ഷണമെങ്കിലും തുടർച്ചയായി കണ്ടാൽ വിഷാദം സംശയിക്കണം. ലഘുവായ വിഷാദത്തിന് മന:ശാസ്‌ത്ര ചികിത്സയും തീവ്രമായതിന് മരുന്നും വേണ്ടിവരും. കുട്ടികൾക്കായി സുരക്ഷിതമായ,​ പാർശ്വഫലങ്ങളില്ലാത്ത മരുന്നുകൾ നിലവിലുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ വേഗത്തിൽ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. ചികിത്സ ലഭിക്കാത്ത വിഷാദം ആത്മഹത്യയ്ക്ക് കാരണമായേക്കും.

ലഹരിയെ സൂക്ഷിക്കുക

കുട്ടികളുടെ ലഹരി ഉപയോഗ സൂചനകൾ ഇവയാണ് - ദീ‍ർഘനേരം മുറിയടച്ചിരിക്കൽ,​ ആശയവിനിമയം കുറയൽ,​ അകാരണമായ ദേഷ്യം,​ ശരീരം ക്ഷീണിക്കൽ,​ ശരീരത്തിൽ മുറിപ്പാടുകൾ,​ കണ്ണുകൾക്ക് ചുവപ്പ് നിറം,​ രാത്രിയിൽ ഉറക്കക്കുറവ്,​ പഠിക്കാൻ സാധിക്കാതെ വരിക,​ പഴയ സുഹൃത്തുക്കളെ ഒഴിവാക്കി പുതിയ സുഹൃത്തുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവരെ അടുത്തിരുത്തി മനസ് തുറക്കാൻ അനുവദിക്കുക,​ പിന്തുണ നൽകി കെണിയിൽ നിന്ന് പുറത്തുകൊണ്ടുവരാം. തീവ്രമായ അടിമത്തമാണെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണം.

ഉത്കണ്ഠ

ഉറക്കക്കുറവ്,​ ഞെട്ടൽ,​ വെറുതെയിരിക്കുമ്പോൾ അമിതമായ നെഞ്ചിടിപ്പ്,​ ശ്വാസംകിട്ടാതെ വരിക,​ കണ്ണിൽ ഇരുട്ട് കയറുക,​ നിസാരകാര്യത്തിന് കൈകാലുകൾ വിറയ്‌ക്കുക,​ പെട്ടെന്നുള്ള ബോധക്ഷയം തുടങ്ങിയവയാണ് ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങൾ. കായിക വ്യായാമങ്ങൾക്ക് അവസരമുണ്ടായിരുന്ന കുട്ടികൾക്ക് അവസരം നിലച്ചത് അമിത ഉത്‌കണ്‌ഠയുണ്ടാക്കുന്നു. ദീർഘശ്വസന വ്യായാമം പരിശീലിക്കുക. ചിന്തകൾ ക്രമീകരിക്കാൻ സഹായിക്കുന്ന മന:ശാസ്‌ത്ര ചികിത്സയിലൂടെയും ഉത്കണ്‌ഠ കുറയ്ക്കാം. തീവ്രമായ ഉത്‌കണ്‌ഠയ്‌ക്ക് മരുന്നുകൾ ഉപയോഗിക്കണം.

പരിഹാരം

കുട്ടികളെ സന്തോഷിപ്പിക്കുക.

കായികവ്യായാമത്തിന് അവസരം നൽകുക,

വ്യക്തിയായി കണ്ട് അംഗീകരിക്കുക.

സർഗവാസനകളെ പ്രോത്സാഹിപ്പിക്കുക.