നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ബൈബിൾ വാക്യം ഹൃദയത്തിലേറ്രിയവർ എല്ലാ മതവിഭാഗങ്ങളിലുമുണ്ടാകും. അതുപോലെ ലോകത്തെ ഒരു കുടുംബമായി കാണണമെന്ന ഭാരതീയ ദർശനം ഉൾക്കൊണ്ടവരും ലോകമൊട്ടാകെയുണ്ടാകും. നല്ല ദർശനങ്ങളും വാക്കുകളും ആരുടെയും കുത്തകയല്ല. പഴയ എട്ടാംക്ലാസുകാരനാണ് കേശവൻകുട്ടി. അക്കാര്യം പറയാതിരുന്നാൽ റിട്ടയർ ചെയ്ത മലയാളം അദ്ധ്യാപകനെന്നേ കേൾക്കുന്നവർക്ക് തോന്നൂ.
നിന്റെ അയൽക്കാരനെ ദ്റോഹിക്കണമെന്ന് ഒരു മഹദ്ഗ്രന്ഥവും പറഞ്ഞിട്ടില്ല. എങ്കിലും കഴിയുന്നത്ര ദ്റോഹിക്കണമെന്ന നിർബന്ധബുദ്ധിപലർക്കും ഉണ്ടാകും. തന്റെ ഒരു സുഹൃത്ത് അയൽക്കാരന്റെ ദ്റോഹബുദ്ധിക്ക് ഇരയായ വിവരം പലരോടും കേശവൻകുട്ടി പറയാറുണ്ട്. ഇനിയെങ്കിലും ആർക്കും ഇത്തരം ദ്റോഹബുദ്ധി തോന്നാതിരിക്കാനാണ് അക്കാര്യം സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് ലോകവും ശാസ്ത്രവുമൊക്കെ ഇത്രയും പുരോഗതി പ്രാപിച്ചസമയത്ത് ഇത്ര സങ്കുചിതമായി പെരുമാറാനാവുമോ എന്ന് പലരും സംശയിച്ചുപോകും.
സുഹൃത്തിന്റെ മതിലിനരികിൽ ഒരു മുരിങ്ങമരം. അത് പൂത്ത് കായ്ക്കാൻ തുടങ്ങിയപ്പോൾ അയൽവീടിന്റെ അതിർത്തിയോ ഒന്നും കാര്യമാക്കിയില്ല. ഇരുവീടിന്റെയും അതിരിൽ വെള്ളിക്കൊലുസുമണികൾ പോലെ മുരിങ്ങപ്പൂക്കൾ. അപ്പുറത്തെ കുട്ടികൾ അതു കോർത്തെടുത്തു മാലയുണ്ടാക്കും. സുഹൃത്തിന്റെ അമ്മ ഏതോ ബന്ധുവീട്ടിൽ നിന്നുകൊണ്ടുവന്ന് നട്ടതാണ്. ജീവിച്ചിരിക്കെ അത് പൂക്കുന്നതോ കായ്ക്കുന്നതോ കാണാനായില്ല. മരണശേഷം അത് മുൻകാലപ്രാബല്യസൗഹൃദം പോലെ പൂക്കാൻ തുടങ്ങിയപ്പോൾ വല്ലാത്തസന്തോഷം. എന്നും രാവിലെ മതിലിനരികിൽ പോയി നിൽക്കും. അമ്മയുടെ ചിരി കൊഴിഞ്ഞവീണപോലെ.
ഒരുദിവസം ആ മുരിങ്ങമരത്തിന്റെ രണ്ടുകൊമ്പുകൾ ഒടിച്ചിട്ടപോലെ. വലിയ സങ്കടം തോന്നി. കാറ്റിൽ ഒടിഞ്ഞതായിരിക്കുമോ, അയൽക്കാരൻ അത് രഹസ്യമായി ഒടിക്കുന്നത് തന്റെ വീട്ടിലെ സിസിടിവിയിലുണ്ടെന്ന് തൊട്ടപ്പുറത്തെ മറ്റൊരു വീട്ടുകാരൻ പറഞ്ഞപ്പോഴും വിശ്വസിച്ചില്ല. ആ ചിത്രം കാണുംവരെ. ഒടിയാത്ത കൊമ്പിൽ വെള്ള റിബൺ പോലെ മുരിങ്ങത്താരുകൾ. ചിലത് പച്ചനൂൽപോലെ. ആരോടും പറഞ്ഞില്ല. പരിഭവിച്ചില്ല. എങ്കിലും എട്ടും പൊട്ടും തിരിയാത്ത മുരിങ്ങച്ചില്ലയോട് കാട്ടിയ ക്രൂരത മനസിൽ ഉടക്കി നിന്നു.
അടുത്തവീട്ടിൽ വന്ന ബന്ധുവായ വൃദ്ധ ഇടയ്ക്ക് സുഹൃത്തിന്റെ ഭാര്യയോട് രണ്ടു മുരിങ്ങക്കയും അല്പം മുരിങ്ങയിലയും ചോദിച്ചു. ആ വീട്ടിലെ ഗൃഹനാഥന് ഡോക്ടർ നിർദ്ദേശിച്ചിരുന്ന ഭക്ഷണത്തിന്റെ ഭാഗം. അതുകേട്ടപ്പോൾ സുഹൃത്തിന്റെ ഉള്ളിൽ കോപം ആളിക്കത്തി. മുരിങ്ങക്കൊമ്പ് ഒടിച്ചിട്ടവർക്ക് എന്തിന് അതുകൊടുക്കണം? മുരിങ്ങയുടെ അടുത്തുചെന്നപ്പോൾ അമ്മയുടെ ചിരി മുരിങ്ങപ്പൂക്കളായി എന്തോ മന്ത്രിക്കുംപോലെ. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന മഹത്തായ വചനം എത്രവട്ടം കേട്ടു. എത്രവട്ടം പറഞ്ഞു. എത്രവട്ടം പ്രസംഗിച്ചു. അതിനോട് പുറംതിരിഞ്ഞുനിൽക്കാൻ പാടില്ല.
നാലഞ്ചു മുരിങ്ങക്കയും ഒരു പൊതിമുരിങ്ങയിലയും സുഹൃത്ത് അടുത്തവീട്ടിൽ കൊണ്ട് ചെന്ന് കൊടുക്കുമ്പോൾ അയാളുടെ മനസിൽ അമ്മയുടെ ചിരിയും മുരിങ്ങപ്പൂക്കളുമായിരുന്നു. ആ വീടിന്റെ പൂമുഖത്ത് ബൈബിൾ വചനം ചില്ലിട്ടുവച്ചത് സുഹൃത്ത് വായിക്കുമ്പോൾ എവിടെയോ പള്ളിമണി മുഴങ്ങുംപോലെ.
(ഫോൺ: 9946108220)