തിരുവനന്തപുരം: ഇക്കുറി എന്തുവിലകൊടുത്തും തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം കൈപ്പിടിയിലൊതുക്കാനുളള കഠിന ശ്രമത്തിലാണ് ബി ജെ പി. അതിനായി ജില്ലയിലെ പാർട്ടി അദ്ധ്യക്ഷൻ വി വി രാജേഷ് തന്നെ മുന്നിൽ നിന്ന് പടനയിക്കും. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ പൂജപ്പുരയിൽ നിന്നാവും അദ്ദേഹം മത്സരിക്കുക. കോർപ്പറേഷൻ മേയർ സ്ഥാനം ഇത്തവണ വനിതാസംവരണം ആണെങ്കിലും, കടുത്ത പോരാട്ടം നടത്തി ഭരണം പിടിക്കാനാണ് വി വി രാജേഷിനെ രംഗത്തിറക്കിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. സംസ്ഥാന നേതാവിനെ കോർപ്പറേഷനിൽ മത്സരിപ്പിക്കാനിറക്കുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.
കോർപ്പറേഷനിൽ വിജയസാദ്ധ്യതയുളളവരെ മാത്രം സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. യുവാക്കൾ, പ്രൊഫഷണലുകൾ സാധാരണക്കാർ തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്വർണക്കടത്തിലും ബിനീഷ് കോടിയേരി വിഷയത്തിലും പെട്ട് സി പി എം വിഷമവൃത്തത്തിലായതിനാൽ എളുപ്പത്തിൽ നേട്ടം കൊയ്യാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ.
2015ൽ നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി പി എമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പി അംഗബലം മുപ്പത്തിനാലാക്കിയത്. ഇത്തവണ ഇതിന്റെ ഇരട്ടി സീറ്റുകൾ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തന്നെയാണ് ബി ജെ പിയുടെ പ്രധാന പ്രചരണ വിഷയം. ഇതിനൊപ്പം വിഴിഞ്ഞം തുറമുഖം, ടെക്നോപാർക്ക് വികസനം,ജലപാത തുടങ്ങിയവയും പ്രചരണത്തിന് സജീവമായി ഉന്നയിക്കും. ഇതിലൂടെ യുവാക്കളെ തങ്ങൾക്ക് അനുകൂലമാക്കാനാവുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. നഗരസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് തലസ്ഥാനത്തെ വികസന മുരടിപ്പിന് കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
നഗരത്തിന്റെ വികസനത്തിനെ ഇരുമുന്നണികളും അവഗണിച്ചുവെന്നാണ് ബി ജെ പി ഉന്നയിക്കുന്ന പ്രധാന ആരോപണം. കേന്ദ്രസർക്കാർ നഗരവികസനത്തിനായി കൊണ്ടുവന്ന പദ്ധതികൾപോലും സമയബന്ധിതമായി നടപ്പിലാക്കാൻ നഗരസഭയും സംസ്ഥാന സർക്കാരും ഒന്നും ചെയ്തില്ലെന്നും ബി ജെ പി ചൂണ്ടിക്കാണിക്കുന്നു.
കോർപറേഷന് സമാനമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരമാവധി സംസ്ഥാന നേതാക്കളെ കളത്തിലിറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മുൻ ജില്ലാ അദ്ധ്യക്ഷനും സംസ്ഥാന സെക്രട്ടറിയുമായ എസ് സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നുണ്ട്.