kodiyeri

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ചികിത്സാർത്ഥം അവധി വേണമെന്ന ആവശ്യം കോടിയേരി സംസ്ഥാന സെക്രട്ടേറിയ‌റ്റിൽ ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെക്രട്ടേറിയ‌റ്റ് ആവശ്യം അംഗീകരിച്ചു. പോളി‌റ്റ്ബ്യൂറോയും കേന്ദ്ര കമ്മി‌റ്റിയും ഈ ആവശ്യം അംഗീകരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബംഗളുരു ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ട് ബിനാമി-പണമിടപാട് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്‌റ്റിലായ ഈ അവസരത്തിൽ തന്നെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. എന്നാൽ കോടിയേരിയുടെ തീരുമാനത്തിന് ബിനീഷിന്റെ കേസുമായി ബന്ധമില്ലെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തനിക്ക് ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയ‌റ്റ് യോഗത്തിൽ വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത് കോടിയേരി തന്നെയാണ്. സെക്രട്ടേറിയ‌റ്റ് യോഗത്തിൽ മുഖ്യമന്ത്രിയും മ‌റ്ര് നേതാക്കളും കോടിയേരിയെ തള‌ളിപ്പറഞ്ഞു. തുടർന്ന് രാജി സന്നദ്ധത അറിയിച്ച കോടിയേരി രാജിവയ്‌ക്കേണ്ടെന്ന് പിന്നീട് ചേർന്ന അവെയിലബിൾ പി.ബിയിൽ പ്രകാശ് കാരാട്ട് അടക്കം അഭിപ്രായപ്പെട്ടിരുന്നു.

മുൻപ് ബിനീഷ് കേസിൽ മകന്റെ പ്രവൃത്തികൾ പിതാവായ കോടിയേരി അറിഞ്ഞിരുന്നില്ല എന്ന വാദത്തിന് വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉണ്ടായിരുന്നത്. തനിക്ക് പങ്കില്ലെന്നും ബിനീഷ് തെ‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ തൂക്കി കൊന്നോട്ടെ എന്നുമാണ് ഒരുഘട്ടത്തിൽ കോടിയേരി പ്രതികരിച്ചത്. കേസിൽ കോടിയേരിക്കും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പാർട്ടി പൂർണപിന്തുണ നൽകുകയും ചെയ്‌തിരുന്നു. റിമാൻഡിലായ ബിനീഷ് കോടിയേരി ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.

ബിജെപിയുടെ താൽപര്യമനുസരിച്ചാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അവർ നിയമ വിരുദ്ധമായി നീങ്ങിയാൽ പ്രതികരിക്കേണ്ടി വരുമെന്നും മുൻപ് കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാർട്ടിയും വ്യക്തിയും വന്നാൽ പാർട്ടിയുടെ നിലപാടാകും ഉയർത്തിപ്പിടിക്കുക എന്ന് കോടിയേരി മുൻപ് പറഞ്ഞിരുന്നു.

തദ്ദേശഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ നിർണായകമായ സമയത്താണ് കോടിയേരി സ്ഥാനമൊഴിയുന്നത്. പാർട്ടിയിൽ ഒ‌റ്റപ്പെട്ടതിനെ തുടർന്നാണ് കണ്ണൂർ ജില്ലയിൽ നിന്നല്ലാത്ത ഒരു നേതാവിനെ തന്റെ പിൻഗാമിയായി കോടിയേരി നിർദ്ദേശിക്കാൻ ഇടയായിരിക്കുന്നത്.

മുൻപ് ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകും മുൻപ് കോടിയേരി സ്ഥാനം ഒഴിയും എന്നറിഞ്ഞിരുന്നു. പകരം എം.വി ഗോവിന്ദൻ മാസ്‌റ്റർക്ക് ചുമതല നൽകും എന്നായിരുന്നു പൊതുസംസാരം. എന്നാൽ പകരം ചുമതല ആർക്കും അന്ന് കൈമാറിയിരുന്നില്ല.