തിരുവനന്തപുരം: ചപ്പാത്തിക്കും ജൈവപച്ചക്കറിക്കും ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തലസ്ഥാന വാസികൾക്ക് പുതിയ ഒരു ഉത്പന്നം കൂടി. 'ഫ്രീഡം വാക്ക്" എന്ന് പേരിട്ടിരിക്കുന്ന ചപ്പലുകളാണ് ജയിലിലെ പുതിയ ഉത്പന്നം. ജയിൽ വകുപ്പിൽ തടവുകാരുടെ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഹവായ് ചപ്പൽ മെഷീനുകൾ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. വിവിധ നിറങ്ങളിലുള്ള ഫ്രീഡം വാക്ക് ഹവായ് ചപ്പലിന് 80 രൂപ മാത്രമാണ് വില. ഇതിന്റെ വിപണനോദ്ഘാടനം ഇന്ന് രാവിലെ ജയിൽ കഫറ്റേരിയ പരിസരത്തു ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഋഷിരാജ് സിംഗ് നിർവഹിച്ചു. ചലച്ചിത്ര താരം ചന്തുനാഥ് ജിയാണ് ആദ്യ ഉത്പന്നം സ്വീകരിച്ചത്. നിലവിൽ ബ്യൂട്ടി പാർലർ, തയ്യൽ യൂണിറ്റ്, പെട്രോൾ പമ്പ് എന്നീ തുടങ്ങിയ സേവനങ്ങൾ ജയിലിൽ നിന്ന് ലഭ്യമാണ്.
ജയിൽ അന്തേവാസികളിൽ ചെരിപ്പ് നിർമ്മാണത്തിൽ പരീശീലനം നേടിയവരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയിൽ സൊസൈറ്റി വഴിയാണ് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ എത്തിക്കുക. മുഴുവൻ പൊലീസ് സേനാംഗങ്ങൾക്കും ‘ജയിൽ ഷൂസ്’ ലഭ്യമാക്കുകയും അതോടൊപ്പം പൊതുജനങ്ങൾക്ക് ചെരിപ്പുകൾ എത്തിക്കുകയുമാണ് ലക്ഷ്യം.
പൊലീസുകാർക്കായി 60,000 ഷൂസുകൾ നിർമ്മിക്കാനുള്ള ഓർഡർ നേരത്തെ തന്നെ പൂജപ്പുരയിലെ യൂണിറ്റിന് ലഭിച്ചിരുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്‌ചയില്ലാത്ത ചെരിപ്പുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് 'ഫ്ളാഷി"നോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചെരിപ്പ് നിർമ്മാണത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകൾ കൃത്യമായി നടത്തിയിരുന്നു. കൊവിഡ് കാരണമാണ് പദ്ധതി കുറച്ചുകാലത്തേക്ക് നീണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലെ അന്തേവാസികൾക്കിടയിൽ തൊഴിൽക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾക്ക് രൂപം നൽകുന്നത്. കൊവിഡിന്റെ തുടക്കത്തിൽ മാസ്‌ക് നിർമ്മാണത്തിലൂടെ രാജ്യത്ത് തന്നെ ചരിത്രം സൃഷ്‌ടിക്കാൻ ജയിൽ വകുപ്പിനായി. ചപ്പലിന് പുറമെ മറ്റ് നൂതന ആശയങ്ങളും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കണ്ണൂർ, വിയ്യൂർ ഉൾപ്പടെയുളള ജയിലുകളിലും ചെരിപ്പ് കട ഉടൻ തുടങ്ങും. കൊച്ചു കുട്ടികൾ മുതിർന്നവർ വരെയുളളവർക്കായി വിവിധ ഫാഷനുകളിലുളള ചെരിപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചപ്പാത്തി വിൽപ്പന ഉൾപ്പടെയുളള പദ്ധതികൾ ജനകീയ മുഖവുമായി വൻ വരുമാനം കണ്ടെത്തുന്നതിനിടെയാണ് ജയിൽ വകുപ്പിന്റെ പുതിയ കാൽവയ്‌പ്പ്.