kodiyeri-

എപ്പോഴും ചിരിമായാത്ത മുഖം, സൗമ്യമായ ഇടപെടൽ. മറ്റു നേതാക്കളിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെ വ്യത്യസ്തനാക്കുന്നത് ഏവർക്കും സുസമ്മതനാകുന്ന ഈ വ്യക്തിത്വമാണ്. സി.പി.എമ്മിന്റെ പുതിയ സെക്രട്ടറിയായി 2015 ഫെബ്രുവരിയിൽ കോടിയേരി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പാർട്ടിക്കു തന്നെ ഒരു മുഖംമാറ്റമാണ് ഉണ്ടായത്. കാർക്കശ്യം മുഖമുദ്രയാക്കിയ പിണറായി ഒഴിഞ്ഞതോടെയാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി കസേരയിലേക്ക് എത്തുന്നത്. കാൽ നൂറ്റാണ്ട് കാലം പാർലമെന്ററി രംഗത്ത് സജീവമായി പ്രവർത്തിച്ചശേഷം സംഘടനയുടെ നേതൃസ്ഥാനത്ത് വരുമ്പോൾ വിഭാഗീയത പൂർണമായി അലിഞ്ഞു പാർട്ടിയെ വജ്രശോഭയോടെ ശുദ്ധീകരിച്ചു എന്നതും അദ്ദേഹത്തിന്റെ മേൻമയായിരുന്നു.

ആലപ്പുഴയിൽ 1988 ൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി 62ാമത്തെ വയസിലാണ് അതേ മണ്ണിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് പാർട്ടിയുടെ അമരത്തേക്ക് വന്നത്. ദശാബ്ദക്കാലം വിസ് പിണറായി അച്ചുതണ്ടുകളുടെ പടവെട്ടലുകളിൽ തളർന്ന പാർട്ടിയിൽ നിന്നുമുള്ള മോചനമായിരുന്നു കോടിയേരിയിലൂടെ പാർട്ടി തലപ്പത്തേയ്ക്ക് അധികാര കൈമാറ്റമുണ്ടായത്. ആലപ്പുഴ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി പ്രതിഷേധിച്ച വി എസിനെ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്നും അച്ചടക്കനടപടിക്ക് വിധേയനാക്കണമെന്ന ആവശ്യമുയർന്നപ്പോഴും മദ്ധ്യസ്ഥന്റെ റോൾ കോടിയേരി വഹിച്ചു. വി എസ് ഉൾപ്പടെയുള്ളവരെ ഒന്നിപ്പിച്ചു നിറുത്തണമെന്ന ആവശ്യത്തിന് ഒത്തുതീർപ്പ് ഫോർമുല തിരഞ്ഞെടുക്കുന്നതിലും കോടിയേരിയുടെ തുറന്ന മനസുണ്ടായിരുന്നു. പാർട്ടിയുടെ മുഖ്യധാരയിലെത്തുന്നതു മുതൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്നതുവരെയും 'മധ്യസ്ഥ'ന്റേതായ റോൾ ഭംഗിയായി നിർവഹിക്കാൻ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്. സൗമ്യമായി ഇടപെടുമ്പോഴും പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതവുമുണ്ട്.പക്ഷെ അതാരേയും വേദനിപ്പിച്ചുകൊണ്ടാവില്ലെന്നു മാത്രം.

പ്രകാശ് കാരാട്ടിന്റെയൊപ്പം എസ്.എഫ്.ഐ നേതൃനിരയിൽ പ്രവർത്തിച്ചായിരുന്നു പാർട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദനെ 1988ൽ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ എം.എൽ.എ. ആയിരുന്ന കോടിയേരിയാണ് പകരം ജില്ലാ സെക്രട്ടറിയായത്. ആറ് വർഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടർന്നു. പാലക്കാട് വെട്ടിനിരത്തലിനുശേഷം വിഭാഗീയത കത്തിനിൽക്കെ 2002ൽ കണ്ണൂരിൽ നടന്ന പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചുമതലക്കാരൻ കോടിയേരി ആയിരുന്നു. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും ഇതു തുടർന്നു. കോടിയേരി പുഞ്ചിരിതൂകിയാണ് എല്ലാ ചോദ്യങ്ങളെയും നേരിട്ടത്. കേരളത്തിലെ വിഭാഗീയത മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴാണ് 2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ കോടിയേരി പി.ബി അംഗമാവുന്നത്.

എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ യുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി 1988ലാണ് പാർട്ടി സംസ്ഥാന കമ്മറ്റിയിലേക്ക് വന്നത്. 1994ൽ സെക്രട്ടറിയേറ്റിലും ഇടം തേടി. 82, 87, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭയിലെത്തിയ കോടിയേരി 2006,2011 തിരഞ്ഞെടുപ്പുകളിൽ തലശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി പ്രതിപക്ഷ ഉപനേതാവായി. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗവുമായിരുന്നു. കേരള കർഷകസംഘം ,അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ ട്രേഡ് യൂണിയൻ രംഗത്തും കോടിയേരി സാരഥ്യം വഹിച്ചിട്ടുണ്ട്. ആഭ്യന്തരടൂറിസം മന്ത്രിയെന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധനേടി. കേരളത്തെ ക്രമസമാധാനപാലനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിനും ജനമൈത്രി പൊലീസ് ഉൾപ്പെടെ സേനയ്ക്ക് മാനുഷികമുഖം നൽകിയ പരിഷ്‌കാരങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയുമായിരുന്നു കോടിയേരി.

ജനകീയനായ അച്ഛനെ തോൽപ്പിച്ചത് മക്കൾ

ഏറെ നാളായി അസുഖ ബാധിതനായിരുന്ന കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ പോലും പാർട്ടിയുടെ സാരഥ്യം ഒഴിഞ്ഞിരുന്നില്ല. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം തിരികെ എത്തി മുൻപത്തേ പോലെ പാർട്ടിയുടെ മുഖമായി അദ്ദേഹം തുടരുകയായിരുന്നു. കോടിയേരി ബാലകൃഷ്ണനെ എന്നും വിവാദത്തിലാക്കിയത് അദ്ദേഹത്തിന്റെ മക്കളുടെ പ്രവർത്തികളായിരുന്നു. മക്കളെ ന്യായീകരിക്കുമ്പോൾ മാത്രമായിരുന്നു കോടിയേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നത്. ലക്ഷങ്ങൾ അണിനിരക്കുന്ന പാർട്ടിയെ നിയന്ത്രിക്കുമ്പോഴും പുത്രൻമാരെ നേർവഴിക്ക് നയിക്കുവാൻ കഴിയാത്ത പിതാവാണ് കോടിയേരി എന്ന പരിഹാസം രാഷ്ട്രീയ എതിരാളികൾ പരസ്യമായും രഹസ്യമായും അദ്ദേഹത്തിന് ചാർത്തിയിരുന്നു. എന്നാൽ പാർട്ടിയുമായി ബന്ധമില്ലാത്ത മക്കളുടെ പ്രവർത്തിക്ക് കോടിയേരിയെയും പാർട്ടിയേയും ക്രൂശിക്കേണ്ട എന്ന വാദമാണ് സിപിഎം ഉയർത്തിയിരുന്നത്. ബിനീഷിനെതിരെ ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിലും ഇതേ ന്യായമാണ് സി പി എം നേതാക്കൾ ചാനൽ ചർച്ചകളിലടക്കം സ്വീകരിച്ച് പോന്നത്.

ആദ്യം ബിനോയ് പിന്നീട് ബിനീഷ്


കോടിയേരിയുടെ മൂത്ത മകൻ ബിനോയിക്കെതിരെ ദുബായിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസാണ് കോടിയേരിയെ ആദ്യം പ്രതിരോധത്തിലാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ചെയ്ത വകയിൽ 7.7 കോടി രൂപ കടം വാങ്ങിയ ശേഷം നൽകിയില്ല എന്ന ആരോപണവുമായി ദുബായ് കമ്പനിയാണ് രംഗത്ത് വന്നത്. കമ്പനി ഉടമ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി ആരോപണവുമായി കേരളത്തിലെത്തിയത് കോടിയേരിക്കും സി പി എമ്മിനും വലിയ തിരിച്ചടിയാവുകയും ചെയ്തു. കേസ് ദുബായിൽ രജിസ്റ്റർ ചെയ്തതിനാൽ ബിനോയ്ക്ക് അവിടെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ രായ്ക്ക് രാമാനം ഈ കേസ് ഒത്തുതീർപ്പാകുകയായിരുന്നു. ഒരു പ്രമുഖ വ്യവസായി ഇടനിലക്കാരാനായി നിന്നാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നും അതല്ല ബിനോയ് വരുത്തിയ ബാദ്ധ്യത തീർത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനൊപ്പം വിദേശത്ത് ബിനോയിയുടെ ബിസിനസിനെ സംബന്ധിച്ചും നിരവധി കഥകൾ പ്രചരിച്ചു. പാർട്ടിക്കുവേണ്ടി വീറോടെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന് പക്ഷേ മകന്റെ പിഴവുകൾക്ക് മുന്നിൽ നിശബ്ദനാകേണ്ടിവന്നു എന്നത് ചരിത്രം.

തൊട്ടടുത്ത വർഷവും വിവാദവുമായി മൂത്തമകൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഇക്കുറി മാനഹാനി ഉണ്ടാക്കുന്ന ആരോപണമായിരുന്നു ഉയർന്നത്. പീഡനപരാതിയുമായിട്ടാണ് ബീഹാർ സ്വദേശിനിയായ യുവതി രംഗത്തെത്തിയത്. ബിനോയുമായുള്ള ബന്ധത്തിൽ ഒരു മകനുണ്ടെന്നും ചെലവിന് കാശ് നൽകുന്നില്ലെന്നുമുള്ള ആരോപണമാണ് ഉയർന്നത്.യുവതി മുംബയ് പോലീസിൽ പരാതിയും നൽകിയതോടെ വിഷയം മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ബിനോയും യുവതിയും ഒത്തുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. കോടതി ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിട്ടുവെങ്കിലും പിന്നീട് 2021ൽ കേസ് പരിഗണിക്കുന്നത് വരെ ഡി എൻ എ റിസൾട്ട് പുറത്ത് വിടുന്നത് തടഞ്ഞു. ഇനി കേസ് കോടതി 2021ൽ പരിഗണിക്കുമ്പോൾ മാത്രമെ ഈ പരിശോധനയുടെ ഫലം അറിയുവാനാകൂ.


ഈ വർഷം അച്ഛനെ പാർട്ടി സെക്രട്ടറിയുടെ കസേരയിൽ നിന്നും ഇറക്കുന്ന തരത്തിൽ കടുത്ത സമ്മർദ്ദം ഉയർത്തിയത് ഇളയ മകന്റെ ചെയ്തികളായിരുന്നു. ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപുമായുള്ള ബിനീഷിന്റെ ബന്ധമായിരുന്നു കാരണം. കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ അനൂപല്ല ശരിക്കും ബോസ് ബിനീഷാണെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇടത് സർക്കാർ സ്വപ്നയും കൂട്ടരും ഉണ്ടാക്കിയ പുകിലിൽ പെട്ട് ഞെരുങ്ങുമ്പോൾ പാർട്ടിയെയും സർക്കാരിനെയും പൊതുജന മദ്ധ്യത്തിൽ പ്രതിരോധിക്കേണ്ട കനത്ത ഉത്തരവാദിത്വം നിറവേറ്റാനാവാതെ കോടിയേരി വിഷമിക്കുമ്പോഴായിരുന്നു മകന്റെ ചെയ്തികൂടി വന്നത്. ഇതോടെ സി പി എം പ്രതിരോധത്തിലായി. മകൻ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചു എന്ന പഴയ കാപ്സ്യൂൾ ദിവസം മൂന്ന് നേരം വച്ച് സേവിച്ചിട്ടും അണികൾ തൃപ്തരായില്ല, തദ്ദേശ തിരഞ്ഞെടുപ്പ് കൂടി വന്നതോടെ വോട്ട് തേടി വീടുകളിൽ കയറാനാവാത്ത അവസ്ഥയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിയതോടെയാണ് പാർട്ടി നേതൃ കസേര ഒഴിയാൻ കോടിയേരി തീരുമാനിച്ചത്. തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ ഇ ഡി റെയ്ഡിനെത്തിയതും പാർട്ടിയെ നന്നായി ക്ഷീണിപ്പിച്ചു, ഒപ്പം കോടിയേരിയേയും.

ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം വേണ്ട വിശ്രമം പോലും എടുക്കാതെയാണ് കണ്ണൂരിന്റെ മണ്ണിൽ പിറന്ന കോടിയേരി പാർട്ടി അദ്ധ്യക്ഷ കസേരയിൽ വീണ്ടും എത്തിയത്. പാർട്ടിക്കെതിരെയുള്ള എതിരാളികളുടെ ആരോപണങ്ങളും ആക്രമണങ്ങളും ഏറെ കണ്ടയാളാണ് കോടിയേരി, അവിടെയൊന്നും വിറച്ചിട്ടില്ലാത്ത, ശബ്ദം ഇടറിയിട്ടില്ലാത്ത അദ്ദേഹത്തിന് സ്വന്തം വീട്ടിലെ ദുരന്തം ഒരു ആഘാതമാണ്. അണികളെ വരച്ച വരയിൽ നിർത്തുന്ന കേഡർ പാർട്ടിയുടെ അമരക്കാരനാണ് കോടിയേരിയെങ്കിലും സ്വകാര്യ ദുഖങ്ങളിൽ പതറുന്നത് മനുഷ്യ സഹജം മാത്രമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന് വേണ്ടത് വിശ്രമമാണ്... കോടിയേരി പാർട്ടി അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ സഞ്ചരിക്കുമ്പോൾ പാർട്ടി സെക്രട്ടറി പദവി ത്യജിച്ച് പടിയിറങ്ങിയിരിക്കുന്നു