തിരുവനന്തപുരം:സി പി എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാനുളള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി.
കോടിയേരിയുടെ തീരുമാനത്തെ വൈകിവന്ന വിവേകമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. 'മകന്റെ പേരിലെ വിവാദങ്ങൾ ഉണ്ടാക്കിയ പരിക്കിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാർട്ടി വേറെ മകൻ വേറെ എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവർക്കും മനസിലായി.കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടത്'- ചെന്നിത്തല പറഞ്ഞു. സർക്കാരിനെ പിരിച്ച് വിട്ട് ജനവിധി തേടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ വിജയരാഘവനെ ഏൽപ്പിച്ചതിനെ പരിഹസിക്കുകയും ചെയ്തു.
കോടിയേരിയുടെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നു എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. 'ഇത്തരമൊരു തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. വൈകിയെങ്കിലും തീരുമാനം നന്നായി.എന്നാൽ ഇതുകൊണ്ട് ഇടതുപക്ഷത്തിന്റെ പ്രതിസന്ധികൾ തീരില്ല. ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല. മറിച്ച് യാഥാർത്ഥ്യമാണ്. ഇക്കാര്യം ജനങ്ങൾക്ക് അറിയാം'-ഉമ്മൻചാണ്ടി പറഞ്ഞു.