നിൽക്കുന്നയിടം തകർന്നുപോകുന്നത് പോലെയായിരുന്നു തന്റെ ഭർത്താവിന്റെ വേർപാടെന്ന് ഓർമ്മിച്ച് നടിയും മരണമടഞ്ഞ കന്നട നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയുമായ മേഘ്‌ന രാജ്. മാനസികമായി തളർന്നുപോയിരുന്നു. താൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. ഇനി തന്റെ ജീവിതം മകനുവേണ്ടിയാണെന്നും ഭർത്താവിന്റെ മരണശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കവേ മേഘ്‌ന രാജ് പറഞ്ഞു.
ആൺകുട്ടി ജനിക്കുമെന്നാണ് ചീരു പറഞ്ഞത്. എന്നാൽ പെൺകുട്ടിയാകുമെന്നാണ് താൻ പറഞ്ഞത്. ഒടുവിൽ ചീരു പറഞ്ഞതുപോലെ തന്നെ ആൺകുട്ടി പിറന്നുവെന്നും മേഘ്‌ന പറഞ്ഞു.
ചിരഞ്ജീവിയുടെ ഓർമ്മകളുമായി മകനുവേണ്ടി മുന്നോട്ട്പോകുവാൻ ആഗ്രഹിക്കുന്നെന്ന് മേഘ്‌ന അഭിപ്രായപ്പെട്ടു. വിഷമഘട്ടത്തിൽ തനിക്ക് ഒപ്പം നിന്നത് മാതാപിതാക്കളും സുഹൃത്തുക്കളായ നസ്രിയയും അനന്യയുമാണെന്ന് നടി ഓർത്തു. 'ഏവർക്കും പ്രിയങ്കരനായിരുന്നു ചിരു. അദ്ദേഹത്തെ പോലെ മകനെ വളർത്തും.' മേഘ്‌ന പറഞ്ഞു.
അഭിനയത്തോടുളള അഭിനിവേശം തന്റെ രക്തത്തിലുളളതാണെന്നും താൻ ഇഷ്‌ടപ്പെടുന്നതിനെ ഉപേക്ഷിക്കണമെന്ന് ചിരഞ്ജീവി ഒരിക്കലും ആഗ്രഹിക്കില്ലെന്നും നടി പറയുന്നു. അതിനാൽ തനിക്ക് കഴിയുന്നിടത്തോളം കാലം അഭിനയം തുടരും. സിനിമയിലേക്ക് മടങ്ങിവരുമെന്നും മേഘ്‌ന രാജ് പറഞ്ഞു. കഴിഞ്ഞ ജൂൺ 7നായിരുന്നു ചിരഞ്ജീവി സർജയുടെ വേർപാട്.