കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് എൽ ഡി എഫ് കൺവീനറായ എ.വിജയരാഘവനെയാണ് സി പി എം ആ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ചികിത്സാർത്ഥം അവധി വേണമെന്ന ആവശ്യം കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉന്നയിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് കോടിയേരി ഒഴിയുകയും വിജയരാഘവൻ പാർട്ടിയുടെ തലപ്പത്തേയ്ക്ക് വരികയും ചെയ്തത്. എത്ര നാളത്തേയ്ക്കാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞതെന്ന് അറിവായിട്ടില്ല. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവന് ആദ്യമേ ആശംസ അർപ്പിച്ചിരിക്കുകയാണ് വി ടി ബൽറാം. ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങൾ, എന്നാണ് കോൺഗ്രസ് എം എൽ എയുടെ ആശംസ.
ബംഗളുരു ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ട് ബിനാമിപണമിടപാട് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ അവസരത്തിലാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. എന്നാൽ കോടിയേരിയുടെ തീരുമാനത്തിന് ബിനീഷിന്റെ കേസുമായി ബന്ധമില്ലെന്ന് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തനിക്ക് ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് യോഗത്തിൽ വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത് കോടിയേരി തന്നെയാണ്. സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കോടിയേരിയെ തളളിപ്പറഞ്ഞു. തുടർന്ന് രാജി സന്നദ്ധത അറിയിച്ച കോടിയേരി രാജിവയ്‌ക്കേണ്ടെന്ന് പിന്നീട് ചേർന്ന അവെയിലബിൾ പി.ബിയിൽ പ്രകാശ് കാരാട്ട് അടക്കം അഭിപ്രായപ്പെട്ടിരുന്നു.