തിരുവനന്തപുരം: തിരുവനന്തപുരം- കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ നടപടികളിൽ തികഞ്ഞ അനിശ്ചിതത്വം. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തിരിഞ്ഞുനോക്കാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി തുറന്ന സ്‌പെഷ്യൽ തഹസിൽദാറുടെ കാര്യാലയം. പബ്ളിക് ഹിയറിംഗ് കഴിഞ്ഞിട്ടും റെയിൽവേയിൽ നിന്ന് പണം കിട്ടാതായതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വൈകുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഫണ്ട് ലഭിക്കുമെന്ന ഉറപ്പ് റെയിൽവേയിൽ നിന്ന് ലഭിക്കാതെ വിജ്ഞാപനം പുറപ്പെടുവിക്കില്ല എന്ന നിലപാടിലാണ് അധികൃതർ.
കാര്യാലയത്തിന് പൂട്ടു വിഴുമോ ?
റെയിൽവേയിൽ നിന്ന് ഫണ്ടിന്റെ കാര്യത്തിൽ ഉറപ്പൊന്നും ലഭിക്കാതായതോടെ നേമത്ത് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ തഹസിൽദാറുടെ കാര്യാലയം ഇനി എന്തിനാണ് പ്രവർത്തിപ്പിക്കുന്നത് എന്നാണ് അധികൃതരുടെ ചോദ്യം. കാര്യാലയം പ്രവർത്തിക്കാനുള്ള തുടർച്ചാനുമതി സംസ്ഥാന സർക്കാർ നൽകിയേക്കില്ലെന്നാണ് സൂചന. 2013ൽ കേന്ദ്ര സർക്കാർ പാസാക്കിയ പൊന്നുംവില നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തുടർനടപടികൾക്കുമായി കുറഞ്ഞത് നാല് വർഷം വേണ്ടി വരും. ചട്ട പ്രകാരം സ്‌പെഷ്യൽ തഹസിൽദാറുടെ കാര്യാലയത്തിന് നാല് വർഷത്തേക്കാണ് അനുമതി നൽകേണ്ടിയിരുന്നത്. ധനകാര്യ വകുപ്പ് 2019 ജൂൺ 26 വരെയും പിന്നീട് 2020 ജൂൺ 26 വരെയും രണ്ട് ഘട്ടമായാണ് തുടർച്ചാനുമതി നൽകിയത്. 2019ൽ തുടർച്ചാനുമതി ആറ് മാസം വൈകിയാണ് ലഭിച്ചത്. ഈ ആറ് മാസം സ്‌പെഷ്യൽ തഹസിൽദാർ ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ട സ്ഥിതിയുണ്ടായി.
തുടർച്ചാനുമതിക്കായുള്ള അപേക്ഷ മാർച്ച് ആദ്യ വാരം സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് സമർപ്പിക്കുമെങ്കിലും അനുമതിയുടെ കാര്യത്തിൽ ഉറപ്പൊന്നും നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.
ജീവനക്കാർക്ക് ശമ്പളം നൽകാൻ 85 ലക്ഷവും കാര്യാലയത്തിന്റെ നടത്തിപ്പിന് 15 ലക്ഷവും 2018ൽ നൽകിയ റെയിൽവേ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെയുള്ള രണ്ടാംഘട്ട നടപടികൾ ആരംഭിക്കാൻ കാര്യാലയത്തിൽ അധിക ജീവനക്കാരെ വിന്യസിക്കേണ്ടി വരും. ഇതിനായി സ്‌പഷ്യൽ തഹസിൽദാർ ജില്ലാ കളക്‌ടർക്ക് കത്തയച്ച് മാസം ഒന്നു കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
റെയിൽവേയ്ക്ക് കുലുക്കമില്ല
ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്‌ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടി 208.5 കോടിയാണ് സംസ്ഥാനം റെയിൽവേയോട് ആവശ്യപ്പെട്ടത്. ഇത് ഏകദേശ കണക്കാണ്. സർവേ നടപടികൾ പൂർത്തീകരിച്ചശേഷമേ കൃത്യമായ തുക ആവശ്യപ്പെടൂ. ഏകദേശ തുകയുടെ 35 ശതമാനം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് നൽകണമെന്നാണ് ചട്ടം.
തുടർനടപടികൾക്കുള്ള പണം ആവശ്യപ്പെട്ട് പാത ഇരട്ടിപ്പിക്കലിന്റെ ചുമതലയുള്ള സ്‌പെഷ്യൽ തഹസിൽദാർ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് കത്തയച്ചെങ്കിലും ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
പതിവെന്ന് ആക്ഷേപം
തിരുവനന്തപുരം ജില്ലയിലെ പദ്ധതികളോടുള്ള പതിവ് അവഗണനയാണ് നേമത്തിന്റെ കാര്യത്തിലും സർക്കാർ പ്രകടമാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങൾ, റെയിൽവേ പദ്ധതികൾക്ക് സൗജന്യമായി ഭൂമി വിട്ടു നൽകുകയും പദ്ധതി ചെലവിന്റെ പകുതി വഹിക്കുകയും ചെയ്യുമ്പോഴാണ് റെയിൽവേയുടെ അനാസ്ഥ.
നേമത്തിന് ഉപയോഗിച്ചില്ലെങ്കിൽ ഈ പണം തമിഴ്നാട്ടിലെ ഏതെങ്കിലും പദ്ധതിക്കാകും ചെലവാക്കുക എന്ന ഭീഷണിയും മുന്നിലുണ്ട്. 2008ൽ അനുമതി ലഭിച്ച നേമം പദ്ധതിക്ക് 2019 മാർച്ചിലാണു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തറക്കില്ലിട്ടത്. എന്നാൽ കല്ലിട്ടു പ്രാഥമിക പണികൾ തുടങ്ങി ഇടയ്ക്കു വച്ചു നിർത്തി പോയതല്ലാതെ പദ്ധതിയിൽ ഒരു പുരോഗതിയുമില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാൻ ലക്ഷ്യമിട്ടാണു നേമം വിഭാവനം ചെയ്തത്.