തൃശൂർ : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ കളത്തിലിറക്കാൻ നീക്കം. ഇത് സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടായേക്കും. പാർട്ടി സംസ്ഥാന നേതൃത്വവും ആർ.എസ്.എസ് നേതൃത്വവും ഗോപാലകൃഷ്ണനോട് മത്സരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിലായിരിക്കും ഗോപാലകൃഷ്ണൻ മത്സരിക്കുകയെന്ന് അറിയുന്നു.
ആദ്യം ഇടതുമുന്നണിയുടെയും പിന്നെ കോൺഗ്രസിന്റെയും കുത്തകയായിരുന്ന ഈ ഡിവിഷൻ കഴിഞ്ഞ തവണയാണ് ബി.ജെ.പി പിടിച്ചെടുത്തത്. 2015ൽ മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.ലളിതാംബിക ഇവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിവിഷനിൽ ബി.ജെ.പി ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. കോർപ്പറേഷനിൽ 36 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
രണ്ടാംപട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഗോപാലകൃഷ്ണൻ താമസിക്കുന്ന ഡിവിഷനായ ഗാന്ധിനഗർ ആയിരുന്നു ആദ്യം നിർദ്ദേശിച്ചതെങ്കിലും ഇവിടെ സിറ്റിംഗ് കൗൺസിലർ കെ.മഹേഷിനെ മൽസരിപ്പിക്കുകയാണ്. നേരത്തെ ലോകസഭയിലേക്കും നിയമസഭയിലേക്കും മൽസരിച്ച ഗോപാലകൃഷ്ണനെ കോർപ്പറേഷനിലേക്ക് മൽസരിപ്പിക്കുന്നത് ബി.ജെ.പിയുടെ പുതിയ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. 20 സീറ്റുകളിലെങ്കിലും വിജയിക്കാനാവുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. അങ്ങനെയെങ്കിൽ വലിയ കക്ഷിയാവുകയോ, ഭരണം നിയന്ത്രിക്കാനാവുകയോ ചെയ്യാനാവും. ഭരണം പിടിക്കാനും കഴിയുമെന്നാണ് നേതാക്കൾ പറയുന്നത്.