ഒറ്റനോട്ടത്തിൽ രണ്ടും വലിയ പ്രാധാന്യമില്ലാത്ത വളരെ നിസാരമായ കാര്യങ്ങളായി തോന്നാം. അതുകൊണ്ടുതന്നെ ആ സംഭവങ്ങൾ ആരുടെയും ശ്രദ്ധയിൽ പെട്ടെന്നും വരില്ല. പക്ഷേ എനിക്കത് മറക്കാൻ കഴിയില്ല. കാൻസർ ചികിത്സാരംഗത്ത് വിദഗ്ദ്ധനായ ഡോ.വി.പി. ഗംഗാധര നെക്കുറിച്ചുള്ള സ്നേഹാനുഭവം...
കാൻസർ രോഗചികിത്സയുടെ കാര്യത്തിൽ പ്രഗത്ഭനും പ്രശസ്തനുമാണ് ഡോക്ടർ വി.പി.ഗംഗാധരൻ. ആ പേര് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് ഓടിയെത്തുന്നത് രണ്ട് ചെറിയ സംഭവങ്ങളുടെ ഓർമ്മകളാണ്. ഒറ്റനോട്ടത്തിൽ രണ്ടും വലിയ പ്രാധാന്യമില്ലാത്ത വളരെ നിസാരമായ കാര്യങ്ങളായി തോന്നാം. അതുകൊണ്ടുതന്നെ ആ സംഭവങ്ങൾ ആരുടെയും ശ്രദ്ധയിൽ പെട്ടെന്നും വരില്ല. പക്ഷേ എനിക്കത് മറക്കാൻ കഴിയില്ല. കാരണം ഒരു കാൻസർ രോഗിയായിരുന്ന എന്റെ സത്യസന്ധമായ ഡയറിക്കുറിപ്പുകളുടെ ഒരു ഭാഗമാണത്. ഏഴുവർഷം മുമ്പു നടന്ന ഒരു കാര്യമാണ്. കൃത്യമായി പറഞ്ഞാൽ 2013 മാർച്ച് മാസം ആറാം തീയതി. അക്കാലത്ത് ഗംഗാധരൻ ഡോക്ടർ മാസത്തിൽ മൂന്നോനാലോ ദിവസം എറണാകുളത്തുനിന്നും കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലെത്തി, രോഗികളെ പരിശോധിച്ചിരുന്നു. എനിക്ക് വൻകുടലിൽ കാൻസർ പിടിപെട്ടപ്പോൾ ഞാൻ കാരിത്താസ് ആശുപത്രിയിൽ ചെന്ന് ഗംഗാധരൻ ഡോക്ടറെയാണ് കണ്ടത്. മാസങ്ങൾ നീണ്ടുനിന്ന ചികിത്സയ്ക്കുശേഷം തിരിച്ച് പോരുമ്പോൾ അദ്ദേഹം പറഞ്ഞു.
''ഇപ്പോൾ കുഴപ്പമൊന്നും കാണുന്നില്ല. ഇനി എല്ലാ മാസവും മുടങ്ങാതെ ചെക്കപ്പിന് വരണം.""
ചെക്കപ്പ് ഒരിക്കലും മുടക്കില്ലെന്നു ഞാൻ മറുപടി പറഞ്ഞെങ്കിലും അടുത്ത പത്തുമാസക്കാലത്തിനിടയ്ക്ക് ഒരിക്കൽപോലും എനിക്ക് ചെക്കപ്പിന് പോകാൻ കഴിഞ്ഞില്ല. കാൻസറിന്റേതല്ലാത്ത മറ്റു ചില കാരണങ്ങളാൽ, എനിക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പത്തു മാസക്കാലം ചെക്കപ്പിന് പോകാതിരുന്നത്. യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടില്ല എന്നായപ്പോൾ ഒരുദിവസം ചെക്കപ്പിനായി കാരിത്താസ് ആശുപത്രിയിൽ ചെന്നു. ചികിത്സ കഴിഞ്ഞുപോയിട്ട് ഈ ഒരു വർഷത്തിനിടയിൽ ഒരിക്കൽപോലും ചെക്കപ്പിന് ചെല്ലാതിരുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആദ്യം എന്നെ കുറെ വഴക്കുപറഞ്ഞു. പിന്നെ ബ്ലഡ് ടെസ്റ്റ് ചെയ്യാനും സ്കാൻ ചെയ്യാനും എഴുതി തന്നു. രണ്ടുടെസ്റ്റിന്റെയും റിസൽട്ട് കണ്ടപ്പോൾ തന്നെ അല്പം പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസിലായി. ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
''പ്രശ്നമുണ്ട്. ഒരു എം.ആർ.ഐ സ്കാൻ കൂടി ചെയ്യണം. അപ്പോൾ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ.""
ഞാൻ എം.ആർ.ഐ സ്കാൻ ചെയ്തു. അതിന്റെ റിസൽട്ടുമായി വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
''നേരത്തെ കാൻസർ പിടിപെട്ട വൻകുടലിന്റെ ഭാഗത്ത് കുഴപ്പമൊന്നുമില്ല. പക്ഷേ രോഗം ലിവറിന്റെ ഒന്നിലധികം ഭാഗത്തേക്ക് പടർന്നിട്ടുണ്ട്. അതിലൊന്ന് അല്പം വലുതും ആഴത്തിലുള്ളതുമാണ്."
''ഇനിയിപ്പോൾ എന്തുചെയ്യും?""
''ഇപ്പോഴൊന്നും ചെയ്യേണ്ട. നേരെ വീട്ടിൽ പൊയ്ക്കോളൂ. മാർച്ച് ആറാം തീയതി എന്നുവച്ചാൽ മറ്റന്നാൾ ഗംഗാധരൻ സാർ വരുന്നുണ്ട്. അന്ന് വന്ന് സാറിനെ കാണുക. അദ്ദേഹം തീരുമാനിക്കും എന്തുചെയ്യണമെന്ന്.""
ഞാൻ നേരെ വീട്ടിലേക്ക് പോന്നു. പിറ്റേ ദിവസം വൈകുന്നേരം ആശുപത്രിയിൽ നിന്നു വിളിച്ചറിയിച്ചു.
''നാളെ രാത്രി ഏഴരമണിക്ക് ഗംഗാധരൻ ഡോക്ടറെ കാണാനായി ആശുപത്രിയിൽ വരണം.""
പിറ്റേ ദിവസം വൈകുന്നേരം ആറരമണിക്ക് തന്നെ ഞാനും മകനും ആശുപത്രിയിലെത്തി. ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോൾ തന്നെ ഗംഗാധരൻ ഡോക്ടർ അവിടെ വന്നിട്ടുണ്ടെന്ന് മനസിലായി. കാൻസർ വിഭാഗത്തിന്റെ മുന്നിൽ എന്നെ ഇറക്കിയിട്ട് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താനായി മകൻ മുന്നോട്ട് പോയി. ഞാൻ ഡോക്ടറുടെ മുറിയുടെ മുമ്പിലുള്ള ഹാളിലേക്ക് ചെന്നു. അവിടെ നിറയെ ആളാണ്. ഒരു കസേരപോലും കാലിയില്ല. ചിലരൊക്കെ ഭിത്തിയോട് ചേർന്ന് നിൽക്കുന്നുമുണ്ട്. ഡോക്ടറെ കാണാനുള്ള അടുത്ത രോഗിയുടെ പേര് വിളിക്കുമ്പോൾ രണ്ടുമൂന്നുപേർ കസേരയിൽ നിന്നും എഴുന്നേൽക്കും. അപ്പോൾ നിൽക്കുന്നവർക്ക് അവിടെ ഇരിക്കാം. ഏതാനും മിനിട്ടുകൾക്കകം എനിക്കും കിട്ടി ഇരിക്കാൻ ഒരു കസേര.
ഇരിക്കുന്നവരുടെ കൂട്ടത്തിൽ എല്ലാ പ്രായത്തിൽ പെട്ടവരുമുണ്ട്. കളിയും ചിരിയും ഇല്ലാതെ അനുസരണയോടെ ഇരിക്കുന്ന കുട്ടികൾ. ഗൗരവമുള്ള മുഖഭാവത്തോടെ, ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരിക്കുന്ന മുതിർന്നവർ. ഇവരുടെ കൂട്ടത്തിൽ രോഗി ആരാണ്, കൂടെ വന്നവർ ആരാണ് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അകലെ ഭിത്തിയോട് ചേർത്തുവച്ചിരിക്കുന്ന ടിവിയിൽ മിന്നിമറയുന്ന പടം നോക്കി ഞാനിരുന്നു. രാത്രി പത്തുമണിക്കാണ് ഡോക്ടറെ കാണാനായി എന്റെ പേര് വിളിച്ചത്. ഞാനും മകനും മുറിയിലേക്ക് ചെന്നു. പരിശോധനകൾക്കിടയിൽ ഗംഗാധരൻ ഡോക്ടർ പറഞ്ഞു:
''മുടങ്ങാതെ ചെക്കപ്പിന് വന്നിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു.""
ഒന്നും പറയാതെ ഞാൻ കേട്ടുകൊണ്ടിരുന്നു. സ്കാൻ ചെയ്തതിന്റെ റിപ്പോർട്ടുകൾ നോക്കിയശേഷം ഡോക്ടർ വീണ്ടും പറഞ്ഞു:
''എനിക്കിപ്പോൾ അറിയാവുന്നത്, കാൻസർ ആദ്യം ബാധിച്ച വൻകുടലിൽ ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്നും അതേ സമയം രോഗം ലിവറിന്റെ ഒന്നിലധികം ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ട് എന്നുമാണ്. ഇനി എനിക്കറിയേണ്ടത് രോഗം ശരീരത്തിന്റെ വേറെ ഏതെങ്കിലും ഭാഗത്തേക്ക് കൂടി ബാധിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എവിടെയൊക്കെ എന്തുമാത്രം ബാധിച്ചു എന്നുമാണ്. അതറിയാൻ ഹോൾബോഡി സ്കാൻ ചെയ്യണം. എറണാകുളത്ത് അമൃതാ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യമുണ്ട്. ഞാനൊരു കത്ത് തരാം. ഹോൾബോഡി സ്കാൻ ചെയ്തശേഷം അതിന്റെ റിസൽട്ടുമായി എന്നെ വന്നു കാണണം.""
ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴും മകൻ ഡോക്ടറുടെ അടുത്തുതന്നെ ഇരിക്കുകയായിരുന്നു. ഹാളിൽ അപ്പോഴും പത്തിരുപത് പേർ ഇരിപ്പുണ്ട്. ഡോക്ടറെ കണ്ടശേഷം കൂടെയുള്ളവർ വരാൻ വേണ്ടി കാത്തിരിക്കുന്നവരാകും. ഞാനും അവരിലൊരാളായി അവിടെ ഒരു കസേരയിൽ ഇരുന്നു. ഞാൻ സമയം നോക്കി രാത്രി പത്തരമണി. അപ്പോൾ ഡോക്ടറുടെ മുറിയിൽ നിന്നും ഒരു സിസ്റ്റർ പുറത്തേക്ക് വന്നു. പിന്നെ ഹാളിൽ ഉണ്ടായിരുന്നവർ കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു:
''ദയവായി ശ്രദ്ധിക്കുക, ഗംഗാധരൻ ഡോക്ടറെ കാണാനായി ഇവിടെ എത്തിയിട്ടുള്ള രോഗികളിൽ ഞങ്ങളിനിയും പേര് വിളിക്കാത്ത ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവർക്കിപ്പോൾ ഡോക്ടറെ കാണാനായി മുറിയിലേക്ക് വരാം.""
എനിക്ക് അത്ഭുതം തോന്നി. ഇന്ന് ഡോക്ടർ നോക്കുന്ന അവസാനത്തെ രോഗി, ഞാനായിരിക്കുമെന്ന് എന്നെ ആശുപത്രിയിൽ നിന്നും അറിയിച്ചിരുന്നതാണ്. ഡോക്ടർക്ക് ഇന്ന് ഇനിവേറെ രോഗികളെയും പരിശോധിക്കാനുണ്ടോ, ചിലപ്പോൾ പേര് വിളിച്ചപ്പോൾ സ്ഥലത്തില്ലാതെ പോയ വല്ലവരും കണ്ടേക്കാം. അതോ നേരത്തെ ബുക്ക് ചെയ്യാതെ അവസാന നിമിഷം ഓടിയെത്തിയ വല്ലവരുമാണോ? സിസ്റ്ററിന്റെ അറിയിപ്പ് ഒരിക്കൽ കൂടി ഹാളിൽ മുഴങ്ങി. ഏതാനും നിമിഷങ്ങൾക്കുശേഷം ആ അറിയിപ്പ് വീണ്ടും ഒരിക്കൽ കൂടി കേട്ടു. അപ്പോൾ രണ്ടുപേർ ഡോക്ടറുടെ മുറിയുടെ അടുത്തേക്ക് പോകുന്നതു കണ്ടു. പെട്ടെന്ന് എനിക്കോർമ്മ വന്നത്, പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന ഒരു ചടങ്ങിന്റെ കാര്യമാണ്. എന്നും രാത്രി പത്തുമണി കഴിയുമ്പോൾ അമ്പലമുറ്റത്തുനിന്നും പുറത്തേക്കുള്ള നട അടക്കുന്നതിനു മുമ്പ് അമ്പലത്തിലെ ഒരു ജീവനക്കാരൻ വന്ന് പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചുചോദിക്കും;
''അത്താഴപഷ്ണിക്കാരുണ്ടോ?""
രണ്ടു പ്രാവശ്യം കൂടെ ഈ ചോദ്യം ആവർത്തിക്കും. അത്താഴപട്ടിണിക്കാരായി ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്കുകൂടെ ഭക്ഷണം കൊടുത്തശേഷമേ ആ നട അടക്കൂ. സത്യത്തിൽ ഇത്തിരിമുമ്പ് ഇവിടെ ആശുപത്രിയിൽ സംഭവിച്ചതും ഏതാണ്ടിതുപോലൊക്കെ തന്നെയല്ലേ?
***************
ആറുമാസങ്ങൾക്കുശേഷം നടന്ന ഒരു സംഭവമാണിത്. വളരെ അത്യാവശ്യമായി ഗംഗാധരൻ ഡോക്ടറെ ഒരു വിവരം അറിയിക്കണം. എന്റെ രോഗവുമായി ബന്ധപ്പെട്ട കാര്യമാണ്. വിവരം അറിയിക്കണമെന്ന് ഡോക്ടർ തന്നെയാണ് പറഞ്ഞതും. അതുപറയാനായി എറണാകുളത്തേക്ക് വരേണ്ടെന്നും ഫോണിൽ വിളിച്ചു പറഞ്ഞാൽ മതിയെന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു. ഡോക്ടറെ അറിയിക്കേണ്ട വിവരങ്ങൾ കിട്ടിയത് ഒരുദിവസം നാലുമണിക്കാണ്. ഞാൻ അപ്പോൾ തന്നെ ഡോക്ടറുടെ മൊബൈൽ നമ്പരിൽ വിളിച്ചു. ബെല്ലടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. പക്ഷേ അദ്ദേഹം ഫോൺ എടുത്തില്ല. അദ്ദേഹം ആശുപത്രിയിൽ തിരക്കിലായിരിക്കും. ആറുമണിയാകുമ്പോൾ വിളിക്കാമെന്ന് കരുത് ഞാൻ കാത്തിരുന്നു. ആറുമണി മുതൽ ഏഴുമണിവരെ അഞ്ചുമിനിട്ട് ഇടവിട്ട് ഞാൻ വിളിച്ചുകൊണ്ടിരുന്നു. ബെല്ലടിക്കുന്ന ശബ്ദം കേൾക്കാം.ഫോൺ ആരും എടുക്കുന്നില്ല. ഒരുമണിക്കൂർ കഴിഞ്ഞ് വീണ്ടും നാലഞ്ചു തവണ വിളിച്ചുനോക്കി ഒരു രക്ഷയുമില്ല. രാത്രി ഒൻപതുമണിക്ക് വീട്ടിലെ നമ്പരിൽ വിളിച്ചുനോക്കാമെന്നുകരുതി വീണ്ടും കാത്തിരുന്നു. ഒൻപതുമണിക്ക് വീട്ടിലെ നമ്പരിൽ വിളിച്ചു. ഹലോ എന്ന ശബ്ദം കേട്ടപ്പോൾ,ഫോണെടുത്തിരിക്കുന്നത് ഒരു ഡോക്ടർ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് മനസിലായി. മാഡം പറഞ്ഞു:
''ഡോക്ടർ... ഇതുവരെ എത്തിയിട്ടില്ല. ചുരുങ്ങിയത് ഒന്നരമണിക്കൂറെങ്കിലും കഴിയാതെ വരുമെന്നു തോന്നുന്നില്ല.""
ഇനി എന്തുചെയ്യും? ഒന്നരമണിക്കൂർ എന്നു പറഞ്ഞാൽ രാത്രി പത്തരമണി. ആ സമയത്ത് ഡോക്ടറെ വിളിക്കുന്നത് ശരിയാണോ? വിളിച്ചില്ലെങ്കിൽ ഡോക്ടർ ആവശ്യപ്പെട്ട വിവരങ്ങൾ അറിയിക്കാനും പറ്റില്ലല്ലോ. അവസാനത്തെ ശ്രമമെന്ന നിലയിൽ രാത്രി പത്തരമണി കഴിഞ്ഞപ്പോൾ ഞാൻ ഡോക്ടറുടെ വീട്ടിലേക്ക് വീണ്ടും വിളിച്ചു. അപ്പോഴും മാഡമാണ് ഫോണെടുത്തത്. ആദ്യമേ തന്നെ ഞാൻ എന്നെ പരിചയപ്പെടുത്തുകയും ഗംഗാധരൻ ഡോക്ടർ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന കാര്യം പറയുകയും ചെയ്തു. ഏതാനും നേരത്തെ നിശബ്ദതയ്ക്കു ശേഷം മാഡം ചോദിച്ചു:
''രാത്രി ഒരു മണിക്ക് വിളിക്കാമോ?""
സത്യത്തിൽ ഞാൻ നടുങ്ങിപ്പോയി. രാത്രി ഒരു മണിക്ക്, ഗംഗാധരൻ ഡോക്ടറെ വിളിച്ചുണർത്തിയോ? അതൊട്ടും ശരിയല്ല, ഞാൻ പറഞ്ഞു.
''അത്രയും ലേറ്റായി ഡോക്ടറെ വിളിക്കുന്നത് ശരിയല്ല. ഞാൻ നാളെ രാവിലെ വിളിച്ചോളാം.""
മാഡത്തിന്റെ മറുപടി പെട്ടെന്നായിരുന്നു.
''ഒരു കുഴപ്പവുമില്ല, ഞാനല്ലേ പറയുന്നത്? ധൈര്യമായി രാത്രി ഒരു മണിക്ക് വിളിച്ചോളൂ.""
ഞാൻ രാത്രി ഒരു മണിക്ക് ഡോക്ടറുടെ മൊബൈൽ നമ്പരിൽ വിളിച്ചു. അദ്ദേഹം തന്നെയാണ് ഫോണെടുത്തത്. രാവിലെ എട്ടുമണിക്ക് വിളിച്ചാൽ എങ്ങനെ സംസാരിക്കുമോ അതേ രീതിയിൽ അദ്ദേഹം വിവരങ്ങൾ തിരക്കി. രണ്ടോ മൂന്നോ മിനിട്ടുനേരം ഞങ്ങൾ സംസാരിച്ചു. ഞാൻ വിളിച്ചതും ഞങ്ങൾ സംസാരിച്ചതും രാത്രി ഒരു മണിക്കാണെന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് എനിക്ക് തോന്നി. അതാണ് ഡോ. വി.പി ഗംഗാധരൻ. രോഗികൾക്ക് വേണ്ടി ഉണർന്നിരിക്കുന്ന ഒരു ഡോക്ടർ.