
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയമുറപ്പിച്ചതിന് പിന്നാലെ റിപ്പബ്ലിക്കൻസിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ അരിസോണയും നഷ്ടമായി. നേരിയ ഭൂരിപക്ഷത്തിലാണ് ബൈഡൻ അരിസോണയിൽ വിജയിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയായി ഏട്ട് ദിവസങ്ങൾക്ക് ശേഷമാണ് അരിസോണയിലെ ഫലം പുറത്ത് വന്നിരിക്കുന്നത്.ഏഴ് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് അരിസോണയിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയത്.
അരിസോണയിൽ നിന്ന് 11 ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിച്ചു. ആകെ 11,000 വോട്ടുകളാണ് ബൈഡൻ ഇവിടെ നിന്നും നേടിയത്. ഇതോടെ, ബൈഡന് ആകെ 290 വോട്ടുകൾ ലഭിച്ചു. പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് ആകെ 217 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. ഇനി ജോർജിയ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ ഫലം മാത്രമെ പുറത്തു വരാനുള്ളൂ.
എന്നാൽ, ട്രംപ് ബൈഡന്റെ വിജയത്തെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. അധികാര കൈമാറ്റം സുഗമമായി നടക്കുമെന്നും ട്രംപ് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ബൈഡനെതിരെ കടുത്ത ആരോപണങ്ങളുമായി നിരവധി തവണ ട്രംപ് രംഗത്തു വന്നിരുന്നു.എന്നാൽ, ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ഇതുവരെ യാതൊരു തെളിവും ട്രംപ് നിരത്തിയിട്ടില്ല.
ബൈഡനെ മറികടക്കുന്നതിന് ട്രംപിന് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും വിജയം നേടണം. നിരവധി സംസ്ഥാനങ്ങളിൽ വോട്ടെണ്ണലിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ട്രംപ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനോടകം അതിൽ പലതും തള്ളിക്കളഞ്ഞു.
 ക്ലിന്റണ് ശേഷം ഇതാദ്യം
1996ന് ശേഷം ഇതാദ്യമായാണ് അരിസോണയിൽ ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കുന്നത്. 96ൽ ബിൽ ക്ലിന്റണായിരുന്നു വിജയം നേടിയത്.