റോം: സുഖത്തിലും ദുഃഖത്തിലും തന്റെ കൂടെ നിന്ന നല്ലപാതിയെ കുറച്ച് ദിവസം കാണാനാകില്ലെന്ന് അറിഞ്ഞതോടെ സ്റ്റെഫാനോ ബോസിനി തകർന്നുപോയി. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ബോസിനി തീരുമാനിച്ചു. അങ്ങനെ, ആശുപത്രിയ്ക്ക് മുൻപിലുള്ള റോഡിലിരുന്ന് തന്റെ പ്രിയപ്പെട്ട ഭാര്യയായ ക്ലാര സാച്ചിയ്ക്കായി ബോസിനി അകോഡീൻ എന്ന സംഗീതോപകരണം വായിച്ചത്.
ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസാണ് ബോസിനി വായിക്കുന്നത്.
ഇത് തന്റെ ഭാര്യയുടെ പ്രിയപ്പെട്ട ഗാനമാണെന്നും വീട്ടിൽ വച്ച് താനിത് അവൾക്ക് വേണ്ടി വായിക്കാറുണ്ടെന്നും ബോസിനി പറഞ്ഞു.
ആശുപത്രിയിലും ക്ലാര സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് ബോസിനിയുടെ ആഗ്രഹം.
ആരുമില്ലാത്ത ആശുപത്രി റോഡിലിരുന്ന് ബോസിനി അകോഡീൻ വായിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
രണ്ടാം നിലയിലെ ജനാലയിലൂടെ ഭാര്യ ഇയാളെ നോക്കുന്നതും പാട്ടുകേൾക്കുന്നതും വീഡിയോയിലുണ്ട്.കൊവിഡ് മാർഗനിർദ്ദേശങ്ങൾ മൂലമാണ് ബോസിനിയ്ക്ക് ഭാര്യയെ കാണാൻ സാധിക്കാത്തത്. കഴിഞ്ഞമാസമായിരുന്നു ഇവരുടെ 47ാം വിവാഹവാർഷികം.