maryam-nawaz-sharif

ഇസ്ലാമാബാദ്: തടവിൽ കഴിഞ്ഞ കാലത്തെ ദുരിത ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ വൈസ് പ്രസിഡന്റും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് ഷെരീഫ്. പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് സർക്കാർ തന്റെ ജയിലറയിലും ശുചിമുറിയിലും വരെ രഹസ്യ കാമറകൾ സ്ഥാപിച്ചിരുന്നെന്ന് മറിയം ആരോപിച്ചു.

ചൗധരി ഷുഗർ മിൽ കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് താൻ നേരിട്ട സംഘർഷങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മറിയം.

'രണ്ട് തവണ ജയിലിൽ പോയിട്ടുണ്ട്. ഞാനും സഹതടവുകാരും അനുഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയാൽ ഇമ്രാൻ ഖാൻ സർക്കാരിന് ഒളിയ്ക്കാൻ ഒരിടവും കിട്ടില്ല - മറിയം പറഞ്ഞു.

മുറിയിലേക്ക് അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നിൽ വച്ച് തന്നെ അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്‌തെങ്കിൽ പാകിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മറിയം പറയുന്നു. പാകിസ്ഥാനിലല്ല, എവിടെയാണെങ്കിലും ഒരു സ്ത്രീയും ദുർബലയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ചൗധരി ഷുഗർ മില്ലിന്റെ 7 മില്യൺ രൂപ മൂല്യമുള്ള ഷെയറുകൾ 2008 ൽ മറിയം നവാസ് അനധികൃതമായി തന്റെ പേരിലാക്കുകയും അത് പിന്നീട് യുസഫ് അബ്ബാസ് ഷെരീഫിന്റെ പേരിലേക്ക് മാറ്റിയെന്നുമാണ് കേസ്. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നാണ് മറിയത്തിന്റെയും പി.എം.എൽ.എൻ പാർട്ടിയുടെയും വാദം.