
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഇതുവരെ പറഞ്ഞതെല്ലാം അസത്യങ്ങളായിരുന്നുവെന്ന നുണപരിശോധനാ ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന വാദവുമായി സോബി വീണ്ടും രംഗത്തെത്തി. ഇതുവരെ പറയാത്ത കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടുകൊണ്ടാണ് സോബി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്ന കോതമംഗലം സ്വദേശിയും ഇസ്രായേലിൽ നഴ്സായി ജോലി നോക്കുന്ന യുവതിക്ക് കേസിൽ പങ്കുണ്ടെന്ന വാദമാണ് ഇപ്പോൾ സോബി ഉയർത്തുന്നത്. തന്നെ അപായപ്പെടുത്തി ആത്മഹത്യ കേസാക്കി മാറ്റുമെന്ന് അവർ നാട്ടിൽ പലരോടും പറഞ്ഞുവെന്നും കൊവിഡ് രോഗിയാക്കി ബോഡി പോലും ആരെയും കാണിക്കില്ലെന്ന് പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു.
ഇസ്രായേലിലെ നഴ്സിനെ കുറിച്ച് സി ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും അവർ കാര്യമാക്കിയില്ല, കേസിൽ ഉൾപ്പെട്ട ഒരു വി ഐ പിയുടെ പേരും താൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നുണപരിശോധനയുടെ പേരിലുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. താൻ ദിവസവും കാര്യങ്ങൾ മാറ്റി പറയുന്നു എന്നാണ് ഉയരുന്ന ആരോപണം, എന്നാൽ അത് ശരിയല്ലെന്ന് സോബി പറയുന്നു.
ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തന്റെ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ ഒത്തുതീർപ്പിനെന്ന പേരിൽ ഒരു സംഘം എത്തിയിരുന്നു. അവർക്കായി ഇടനില നിന്നത് കോതമംഗലം സ്വദേശിനിയാണ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം വേണ്ട താൽപര്യം കാണിച്ചില്ലെന്നാണ് സോബി ഇപ്പോൾ ഉയർത്തുന്ന ആരോപണം.