crime

 മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈ സൗകാർപേട്ടിൽ ഭർത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വെടിവച്ചു കൊന്നത് മരുമകൾ ജയമാലയും സഹോദരന്മാരുമാണെന്ന് പൊലീസ്. ജയമാലയുടെ സഹോദരൻ കൈലാഷും കൊലപാതകത്തിന് സഹായിച്ച രണ്ടു സുഹൃത്തുക്കളും അടക്കം മൂന്നു പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.

കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ കടകളിലെയും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ജീവനാംശവുമായി ബന്ധപ്പെട്ട് ഭർത്താവും ഭാര്യയും തമ്മിലുള്ള തർക്കമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. യുവതിയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

തമിഴ്നാട്ടിലെ സൗകാർപേട്ടിൽ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഫിനാൻസ് കമ്പനി നടത്തുന്ന ദിലീപ് താലിൽ ചന്ദ് (74), ഭാര്യ പുഷ്പ ബായി (70), മകൻ ശീതൾ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജാവൽ സ്വദേശികളായ ഇവർ വർഷങ്ങളായി ചെന്നൈയിലാണു താമസം.

പൂനെ സ്വദേശിയായ ജയമാലയ്ക്കും ശീതളിനും രണ്ട് കുട്ടികളുണ്ട്. സ്വരച്ചേർച്ച ഇല്ലാതായതിനെ തുടർന്ന് പൂനെയിൽ കുട്ടികളോടൊപ്പമായിരുന്നു ജയമാല താമസിച്ചിരുന്നത്. ഇവരുടെ വിവാഹമോചനക്കേസ് ചെന്നൈയിലെ കുടുംബ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയമാല ശീതളിനെതിരെ കേസ് നൽകി.

ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും കേസ് നൽകി. ജീവനാംശ പ്രശ്നം പറഞ്ഞു തീർക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുൾപ്പെടെ 5 പേർ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പൊലീസ് പറയുന്നു.

തർക്കത്തിനൊടുവിൽ പ്രകോപിതയായ ജയമാല കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവശേഷം അഞ്ചംഗസംഘം ചെന്നൈയിൽ നിന്നും രക്ഷപ്പെട്ടു. ജയമാലയും സഹോദരനും കാറിലും മറ്റൊരു സഹോദരനും കൂട്ടുകാരും ട്രെയിനിലുമാണ് രക്ഷപെട്ടത്. ഇവരുടെ പൂനെയിലെ വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്.