1980, നവംബർ 16
രാത്രിയോടെയാണ് ആ ദുരന്തവാർത്ത പുറത്തുവന്നത്.മലയാള സിനിമയ്ക്ക് അന്ന് താങ്ങാൻ കഴിയുമായിരുന്ന വിവരമായിരുന്നില്ല അത്. നടൻ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു. ചലച്ചിത്ര ലോകം മാത്രമല്ല കേരളം തന്നെ ഞെട്ടിത്തരിച്ചുപോയി.മദ്രാസിലെ ഷോളാവാരത്ത് പി.എൻ.സുന്ദരം സംവിധാനം ചെയ്ത കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടെ സുകുമാരൻ ഓടിച്ച മോട്ടോർ ബൈക്കിന്റെ പിറകിൽ നിന്നുകൊണ്ട് ബാലൻ.കെ.നായർ എന്ന വില്ലൻ കഥാപാത്രം സഞ്ചരിക്കുന്ന ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിക്കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.ജയനെ ഉടൻ തന്നെ മദ്രാസ് ജനറൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും വിലപ്പെട്ട ആ ജീവൻ രക്ഷപ്പെടുത്താനായില്ല.മരിക്കുമ്പോൾ 42 വയസായിരുന്നു ജയന്റെ പ്രായം.ജയനെ നായക കഥാപാത്രമാക്കി പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥ ഒരുങ്ങുമ്പോഴായിരുന്നു ആ അപകടം.ജയൻ അഭിനയിച്ച് പകുതി പൂർത്തിയായ ചിത്രങ്ങളുമുണ്ടായിരുന്നു. ജയന്റെ ഡേറ്റുകൾക്കുവേണ്ടി നിർമ്മാതാക്കൾ വേറെയും കാത്തിരിപ്പുണ്ടായിരുന്നു.
ജയൻ തരംഗം
ആറുവർഷക്കാലമെ ജയൻ സിനിമയിൽ ഉണ്ടായിരുന്നുള്ളു.അസാമാന്യമായ അഭിനയശേഷിയുള്ള നടനൊന്നുമായിരുന്നില്ല ജയൻ.എന്നാൽ പ്രേക്ഷകർ അതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത ജയനുണ്ടായിരുന്നു.ആകാരഭംഗിയും, സാഹസികരംഗങ്ങൾ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചെയ്യാനുള്ള ധൈര്യവും പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.ജയന്റെ കൈത്തണ്ട ഉയരുമ്പോഴെ തിയറ്ററുകൾ കരഘോഷങ്ങളാൽ മുങ്ങി. അന്നുവരെ നിലനിന്ന പ്രേം നസീറിന്റെ താരാധിപത്യത്തെയാണ് ജയൻ മറികടന്നത്.നായാട്ട്, അറിയപ്പെടാത്ത രഹസ്യം എന്നീ ചിത്രങ്ങളിൽ പ്രേംനസീറുണ്ടായിരുന്നെങ്കിലും മുഖ്യവേഷം ജയനായിരുന്നു.ശരപഞ്ജരം എന്ന ചിത്രത്തിലെ ആന്റിഹീറോ വേഷം ജയനെ താരമാക്കി.മലയാള സിനിമയിൽ ജയൻ തരംഗമുണ്ടാകാൻ പോവുകയാണെന്ന് അന്ന് പ്രവചിച്ചത് നടൻ കെ.പി.ഉമ്മറായിരുന്നു.അതുപോലെ സംഭവിച്ചു.
സൂപ്പർഹിറ്റുകൾ
ജയൻ നായകനായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.ഐ.വി.ശശിയുടെ തന്നെ കരിമ്പന,കാന്തവലയം, മീൻ, അങ്ങാടി എന്നീ ചിത്രങ്ങളെല്ലാം വമ്പൻ വിജയമായി. ശ്രീകുമാരൻതമ്പി,ശശികുമാർ, എ.ബി.രാജ് എന്നിവരടക്കം അന്നത്തെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ നായകൻ ജയനായിരുന്നു.
നസീറിനെ മാതൃകയാക്കി
സിനിമയിൽ അഭിനയിക്കുമ്പോൾ പ്രേംനസീറായിരുന്നു ജയന്റെ റോൾ മോഡൽ.നസീറിന്റെ ഉപദേശങ്ങൾക്ക് ജയൻ വലിയ വില കൽപ്പിച്ചിരുന്നു.ജയന് ആദ്യഘട്ടത്തിൽ അവസരങ്ങൾ ശുപാർശ ചെയ്യാനും നസീറിന് മടിയില്ലായിരുന്നു .ജയന്റെ താരമൂല്യമുയർന്നപ്പോൾ ജയനൊപ്പം താരതമ്യേന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നസീർ തയ്യാറായി.
തിരക്കോട് തിരക്ക്
സിനിമികളെല്ലാം വൻവിജയമായതോടെ ജയന്റെ തിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചു.കാൾഷീറ്റുകൾ അഡ്ജസ്റ്റ് ചെയ്യാൻ ജയൻ പ്രയാസപ്പെട്ടു. ഇത് ചിലരുമായിട്ടുള്ള വിരോധത്തിനും വഴിതെളിച്ചു. അതിൽ ഏറ്റവും പ്രധാനം ജയന് ശരപഞ്ജരത്തിലൂടെ ഏറ്റവും വലിയ ഓപ്പണിംഗ് നൽകിയ ഹരിഹരന്റെ പിണക്കമായിരുന്നു.പ്രേംനസീറിനെയും ജയനെയും കഥാപാത്രങ്ങളാക്കി നിശ്ചയിച്ച ഹരിഹരൻ ചിത്രം ജയന്റെ തിരക്കുമൂലം തുടങ്ങാൻ വൈകി.തുടങ്ങിയശേഷം ജയൻ സംവിധായകനോട് പറയാതെ സെറ്റിൽ നിന്ന് മുങ്ങി.
ഹരിഹരന് സഹിക്കാൻ പറ്റുന്നതായിരുന്നില്ല അത്.അദ്ദേഹം ജയന് പകരം സുകുമാരനെ ഉൾപ്പെടുത്തി ചിത്രീകരണം പുനരാരംഭിച്ചു.ഗുരുതുല്യനായിക്കാണുന്ന വ്യക്തിയിൽ നിന്ന് തന്റെ ഒരു പിഴവ് മൂലമെങ്കിലും ഉണ്ടായ ഈ തിരിച്ചടി ജയനെ ആഴത്തിൽ മുറിവേല്പിച്ചു.ആ മുറിവുണക്കാൻ ജയൻ നടത്തിയ പരിശ്രമങ്ങളൊന്നും വിജയിച്ചില്ല.ഹരിഹരൻ മനസ് മാറ്റിയില്ല.ഒടുവിൽ സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ശ്രമം ഒത്തുതീർപ്പിന് വഴിയൊരുക്കിയെങ്കിലും അതിനു മുമ്പെ വിധി മരണത്തിന്റെ രൂപത്തിൽ ജയനെ കൂട്ടിക്കൊണ്ടുപോയി.
കഥകൾ,കഥകൾ
ജയന്റെ മരണശേഷം ജയൻ ജീവിച്ചിരുപ്പുണ്ടെന്ന കുപ്രചാരണങ്ങളും കഥകളും കുറെക്കാലം വലിയരീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ജയൻ അമേരിക്കയിൽ ഉണ്ടെന്നായിരുന്നു അതിലേറ്റവും വലിയ നുണക്കഥ.ഒടുവിൽ ജയൻ അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്ന തിയതിയും പുറത്തുവന്നു.അതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നിൽ ആരാധകർ തടിച്ചുകൂടുകപോലും ചെയ്തു.നിരാശയായിരുന്നു ഫലം. ജയന്റെ പേരിൽ പുസ്തകങ്ങളും ഇറങ്ങി.അവയെല്ലാം വൻതോതിൽ വിറ്റുപോയി.
പകരക്കാരനില്ല
ജയൻ പകരം വയ്ക്കാനാവാത്ത നടനായിരുന്നു.ജയനെ അനുകരിച്ച് രഘു ഭീമൻ എന്ന ചിത്രത്തിലൂടെ രംഗത്തുവന്നെങ്കിലും ജയന്റെ പിൻഗാമിയായി പ്രേക്ഷകർ അംഗീകരിച്ചില്ല.ജയന്റെ സഹോദരൻ സോമൻനായരെ അജയൻ എന്നപേരിൽ സൂര്യൻ എന്നചിത്രത്തിലൂടെ രംഗത്തിറക്കിയെങ്കിലും അതും പ്രയോജനം ചെയ്തില്ല.
സ്മാരകമില്ല
ഇത്രയും താരാരാധന നേടിയെടുത്തിട്ടും സർക്കാർ തലത്തിൽ ജയന് ഉചിതമായ സ്മാരകം ഇനിയും ഉയർന്നിട്ടില്ല. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിലെ ആഡിറ്റോറിയത്തിന് ജയന്റെ പേര് നൽകിയെന്നതുമാത്രമാണ് ഇതുവരെ ആകെ ചെയ്തത്.ജയന്റെ ജന്മനാടായ കൊല്ലത്ത് ഉചിതമായ സ്മാരകം സർക്കാർ നിർമ്മിക്കണമെന്നതാണ് ആരാധകരുടെ അഭ്യർത്ഥന.വിടപറഞ്ഞിട്ട് നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും ജയന്റെ ഓർമ്മകൾ ഇന്നും സജീവമായി നിലകൊള്ളുന്നു.ജയനിലെ നടന് മരണമില്ല.സിനിമയോട് ജയൻ കാണിച്ച അഭിനിവേശവും ആത്മാർത്ഥതയുമാണ് അദ്ദേഹത്തിന്റെ മരണത്തിനും വഴിയൊരുക്കിയത്.കോളിളക്കത്തിലെ അവസാനരംഗം ഒരുതവണ ചിത്രീകരിച്ചതായിരുന്നു.പക്ഷേ പെർഫക്ഷനുവേണ്ടി ഒരിക്കൽക്കൂടി ചെയ്യണമെന്ന് ജയൻ വാശിപിടിച്ചു.ഹെലിക്കോപ്റ്ററിൽ നിന്ന് തലയടിച്ച് താഴെ വീണ ജയൻ ഉടൻതന്നെ ചാടിയെഴുന്നേറ്റ് ഇറ്റ് ഈസ് ആൾറൈറ്റ് എന്നു പറഞ്ഞെങ്കിലും പെട്ടെന്ന് മൂക്കിൽ നിന്ന് ചോര ചീറ്റി ബോധരഹിതനായി നിലംപതിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള റീ ടേക്കിന്റെ പരിണതഫലമായിരുന്നു അത്. പക്ഷേ ജീവിതത്തിന് റീ ടേക്കുകൾ ഇല്ലല്ലോ....