വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ അടിപതറിയിട്ടും ചൈന വിരുദ്ധ നടപടികളിൽ നിന്ന് പിന്മാറാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറല്ല. ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തിലുള്ള എല്ലാ നിക്ഷേപങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം.
ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളിൽ മുതൽ മുടക്കുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ വിലക്കിക്കൊണ്ടുളള ഉത്തരവ് ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും. ചൈനീസ് സൈന്യത്തിന്റെ വികസനത്തിനും നവീകരണത്തിനും സഹായകരവും അമേരിക്കയുടെ സുരക്ഷയ്ക്കു നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്ന 31 ചൈനീസ് കമ്പനികളെ ലക്ഷ്യം വച്ചാണ് ട്രംപിന്റെ നടപടി.
സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വാവെയ്, പ്രമുഖ വിഡിയോ നിരീക്ഷണ ഉപകരണ നിർമ്മാതാക്കളായ ഹിക്ക്‌വിഷൻ എന്നീ കമ്പനികളും കരിമ്പട്ടികയിലുണ്ട്. ചൈന ടെലികോം, ചൈന മൊബൈൽ എന്നീ കമ്പനികൾക്കും ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവ് പ്രകാരം, അമേരിക്കൻ പൗരന്മാർ പ്രസ്തുത കമ്പനികളിൽ ഉടമസ്ഥാവകാശം കൈയ്യാളുകയോ മറ്റേതെങ്കിലും ഇടപാടുകൾ നടത്താനോ പാടില്ല. ഈ കമ്പനികളിൽ ഓഹരികൾ ഉണ്ടാകാനും പാടില്ല. ഈ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ 2021 നവംബർ വരെയാണു സമയപരിധി നൽകിയിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നതിനെ തുടർന്നു കരിമ്പട്ടികയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു.