വാഷിംഗ്ടൺ: വാഷിംഗ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഇന്റലിജൻസ് ബ്രീഫിംഗ്സ് നൽകാൻ നിലവിലെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് നിർദ്ദേശിച്ച് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും. റിപ്പബ്ലിക്കൻ സെനറ്റേഴ്സായ ജോൺ കോർന്യൻ, റോൺ ജോൺസൻ, ജയിംസ് ലാക്ക്ഫോർഡ്, ചക്ക് ഗ്രാസ്ലി, ലിൻഡ്സി ഗ്രഹാം എന്നിവർ ഇന്റലിജൻസ് ബ്രീഫിംഗ്സ് ബൈഡന് നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപ് ചില സംസ്ഥാനങ്ങളിലെ പ്രദേശിക കോടതികളെ സമീപിച്ചിരുന്നു. എന്നാൽ, ട്രംപിന്റെ നടപടികൾക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുണ്ട്. ട്രംപിന്റെ യു.എസ് കോൺഗ്രസ് അംഗങ്ങളായ ഇരുപതോളം റിപ്പബ്ലിക്കൻ നേതാക്കൾ ബൈഡന് അഭിനന്ദനം അറിയിച്ചെന്നും സൂചനയുണ്ട്.
അതേസമയം, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണ് ഇക്കുറി നടന്നതെന്ന യു.എസ് ഫെഡറൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതും തിരഞ്ഞെടുപ്പിൽ ക്രമേക്കേട് ആരോപിച്ച ട്രംപിന് തിരിച്ചടിയായി.
ക്രമക്കേട് നടന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സി.ഐ.എസ്.എ) അറിയിച്ചു.
28 സംസ്ഥാനങ്ങൾ തന്റെ 2.7 മില്യൺ വോട്ടുകൾ മായ്ച്ചു കളഞ്ഞെന്ന് യാതൊരു തെളിവും കൂടാതെ ട്രംപ് അവകാശപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്.
വിവിധ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും സുരക്ഷയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് അധികൃതർ പറഞ്ഞു.
പരാജയപ്പെട്ടെന്ന് ട്രംപ് ഇതുവരെ സമ്മതിച്ചിട്ടില്ല. ബൈഡനെ വിജയിയായി മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്.
ഇന്റലിജൻസ് ബ്രീഫിംഗ്സ്
എന്നും രാവിലെ അമേരിക്കൻ പ്രസിഡന്റിനും ചില ഉന്നത ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന രഹസ്യ സ്വഭാവമുള്ള രേഖകളാണ് ഇന്റലിജൻസ് ബ്രീഫിംഗ്സ്. നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്കും ഇന്റലിജൻസ് ബ്രീഫിംഗ്സ് നൽകണമെന്നുണ്ട്. എന്നാൽ, ട്രംപ് ഇതിന് തയ്യാറാകുന്നില്ല.