സംവത് - 2076ന് നേട്ടത്തോടെ വിട
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സമ്പദ്‌ഞെരുക്കവും ഉൾപ്പെടെ ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുയർന്ന വെല്ലുവിളികളെയെല്ലാം നേരിട്ട് സ്വന്തമാക്കിയ നേട്ടക്കുതിപ്പിന്റെ ആവേശവുമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഐശ്വര്യവർഷമായ 'സംവത്-2077"ലേക്ക് ചുവടുവയ്ക്കുന്നു.
സംവത്-2076ന്റെ സമാപന ദിനമായ ഇന്നലെ സെൻസെക്‌സ് 85 പോയിന്റ് നേട്ടത്തോടെ 43,443ലും നിഫ്‌റ്റി 29 പോയിന്റുയർന്ന് 12,719ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. സംവത്-2076ൽ സെൻസെക്‌സിന്റെ ആകെ നേട്ടം 11 ശതമാനം. സംവത്-2076ന് സെൻസെക്‌സ് തുടക്കമിട്ടത് 39,250ലാണ്; നിഫ്‌റ്റി 10,598ലും. ഇന്നലെ വ്യാപാരാന്ത്യം കണക്കാക്കുമ്പോൾ സെൻസെക്‌സിന്റെ മുന്നേറ്റം 4,193 പോയിന്റുകൾ; നിഫ്‌റ്റിയുടേത് 2,121 പോയിന്റുകളും.
ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവർഷമായ സംവത്-2077ന് തുടക്കം കുറിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6.15 മുതൽ ഒരുമണിക്കൂർ നേരത്തേക്കാണ്. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് നിക്ഷേപക ലോകം കരുതുന്ന മുഹൂർത്തമാണിത്. പുതിയ വീട്, സ്ഥലം, വാഹനം, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച സമയമെന്നും ഇത് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പണ്ഡിതരാൽ കൃത്യമായി നിശ്‌ചയിക്കപ്പെട്ട സമയത്താണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. ഐശ്വര്യദേവതയായ ലക്ഷ്‌മീദേവിക്ക് പൂജകൾ അർപ്പിച്ചുകൊണ്ടാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക.
ഓൺലൈനിലാണ് ഇക്കുറി മുഹൂർത്ത വ്യാപാരം. ട്രേഡർമാർ 5.15നും 5.45നും മദ്ധ്യേ ലോഗിൻ ചെയ്യണം. 5.45ന് പ്രീ-സെഷൻ ആരംഭിക്കും. ശേഷമാണ്, മുഹൂർത്ത വ്യാപാരം. സെൻസെക്‌സ് 1957 മുതലും നിഫ്‌റ്റി 1992 മുതലുമാണ് മുഹൂർത്ത വ്യാപാരം ആരംഭിച്ചത്.
മുഹൂർത്ത വ്യാപാരങ്ങളിലൂടെ
സംവത് 2071: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു
സംവത് 2072: സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റ്
2073: സെൻസെക്‌സ് 11 പോയിന്റും നിഫ്‌റ്റി 12 പോയിന്റും നഷ്‌ടം കുറിച്ചു
2074: സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റി 64 പോയിന്റും ഇടിഞ്ഞു
2075: സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും ഉയർന്നു
2076: സെൻസെക്‌സ് 192 പോയിന്റും നിഫ്‌റ്റ് 43 പോയിന്റും നേട്ടം കൊയ്‌തു
പ്രതീക്ഷ വാനോളം
സംവത് 2077ൽ, അതായത് അടുത്ത ദീപാവലിക്ക് മുമ്പ് നിഫ്‌റ്റി 14,000-15,000 പോയിന്റ് ഭേദിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. സെൻസെക്‌സ് 47,000-50,000ലും മുത്തമിട്ടേക്കാം. നവംബർ 10ന് സെൻസെക്‌സ് റെക്കാഡുയരമായ 43,316 വരെ ഉയർന്നിരുന്നു.
എങ്ങനെ നിക്ഷേപിക്കണം?
സംവത് - 2076ൽ സ്വർണം മുന്നേറിയത് 40 ശതമാനമാണ്. എന്നാൽ, 10-വർഷ ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള ലാഭം) 6.69 ശതമാനത്തിൽ നിന്ന് 5.88 ശതമാനത്തിലേക്ക് താഴ്‌ന്നു. ഇക്കുറി എങ്ങനെയായിരിക്കണം നിക്ഷേപം? വിദഗ്ദ്ധരുടെ അഭിപ്രായം ഇങ്ങനെ:
ഒരുലക്ഷം രൂപയാണ് നിക്ഷേപമെങ്കിൽ -
60% : ഓഹരി
30% : കടപ്പത്രം
10% : സ്വർണം
₹15.33 ലക്ഷം കോടി
സംവത്-2076ൽ സെൻസെക്‌സിന്റെ മൂല്യക്കുതിപ്പ്.