ന്യൂഡൽഹി: അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സെെന്യത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സേന. വെടിവയ്പ്പിൽ എട്ട് പാകിസ്ഥാൻ സെെനികർ കൊല്ലപ്പെട്ടതായും വാർത്ത എജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്‌തു. കൊല്ലപ്പെട്ട പാകിസ്ഥാൻ സെെനികരിൽ എസ്.എസ്.ജി കമാൻഡോകൾ ഉള്ളതായും
ഇന്ത്യൻ സേനയെ ഉദ്ധരിച്ച് എ.എൻ.ഐ പറഞ്ഞു.
പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാൻ സെെന്യം വെടിനിറുത്തൽ കരാർലംഘിച്ചത്. വെടിവയ്പ്പിൽ ഒരു ഇന്ത്യൻ ബി.എസ്.എഫ് സബ്ഇൻസ്പെക്ടർ വീരമൃത്യുവരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. ഇന്ത്യൻ സെെനികർ നടത്തിയ വെടിവയ്പ്പിൽ എട്ട് പാകിസ്ഥാൻ സെെനികർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം സെെനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിൽ പാകിസ്ഥാൻ ആർമി ബങ്കറുകൾ, ഇന്ധന ടാങ്കുകൾ , ലോഞ്ച് പാഡുകൾ എന്നിവയും ഇന്ത്യൻ സേന തകർത്തു.
അതേസമയം ഉറി മുതൽ ഗുരസ് വരെയുള്ള ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിനിറുത്തൽ ലംഘനം നടത്തിയതിനാൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇന്ത്യൻ സേന അറിയിച്ചു.