pak1

 ബി.എസ്.എഫ് ജവാൻ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് ഇന്നലെ പാക് സേന നടത്തിയ വെടിവയ്പ്പിൽ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർക്കും മൂന്ന് സൈനിക ഉദ്യോഗസ്ഥർക്കും വീരമൃത്യു. ഒരു സ്ത്രീ അടക്കം നാല് പ്രദേശവാസികൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റെന്നും സൂചനയുണ്ട്. പാക് സൈന്യത്തിന്റെ ബങ്കറുകൾ, ഇന്ധനപ്പുരകൾ, ലോഞ്ച്പാഡുകൾ തുടങ്ങിയവ ഇന്ത്യൻ സേന തകർത്തതായും റിപ്പോർട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ പാക് ആർമി സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മൂന്ന് കമാൻഡോകളും ഉൾപ്പെടുന്നു.

ദവാർ,​ കെരാൻ,​ ഉറി,​ നൗഗം ജില്ലാതിർത്തികളിൽ നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബാരാമുള്ളയിലെ നിയന്ത്രണ രേഖയിൽ ബി.എസ്.എഫ് പീരങ്കി ബറ്റാലിയനിലെ എസ്.ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്. തലയ്ക്ക് ഗുരതരമായി പരിക്കേൽക്കുകയായിരുന്നു.

സുബോധ് ഘോഷ്, ഹർധൻ ചന്ദ്ര റോയ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ. ഇർഷാദ് അഹമ്മദ്, തൗബ് മിർ, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാർ. നാട്ടുകാർക്കും ഒരു ബി.എസ്.എഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.

മോർട്ടാറുകൾ ഉൾപ്പെടെ ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ പ്രയോഗിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.