gold-smuggling

കോയമ്പത്തൂർ: കുഴമ്പ് രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിലെ സാനിറ്ററി പാഡുകളിലൂടെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് യുവതികളിൽ നിന്നും 62.46 ലക്ഷം രൂപ വിലമതിക്കുന്ന 1,195.6 കിലോഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദൈവാനി രാധാകൃഷ്ണ, വാസന്തി രാമസ്വാമി എന്നിങ്ങനെ പേരുകളുള്ള യുവതികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

യു.എ.ഇയിലെ ഷാർജയിൽ നിന്നുമുള്ള എയർ അറേബ്യ വിമാനം വഴി ഇക്കഴിഞ്ഞ ബുധനാഴ്ച, പുലർച്ചെ, 3.30 മണിക്കാണ് ഇവർ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയത്. ദൈവാനി ചെന്നൈ സ്വദേശിയും വാസന്തി പുതുക്കോട്ടൈ സ്വദേശിയുമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ മനസിലാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് മുൻപേ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

തുടർന്ന് വിമാനമിറങ്ങിയ യുവതികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കസ്റ്റംസുകാർ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. 46 ലക്ഷം രൂപ വിലമതിക്കുന സ്വർണം, സിഗരറ്റുകൾ, മദ്യം എന്നിവയുമായി യുവതികൾ വന്ന അതേ വിമാനത്തിലെത്തിയ മറ്റ് അഞ്ച് പേരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ ചെന്നൈ സ്വദേശികളും, രണ്ട് പേർ പട്ടിണം സ്വദേശികളും ഒരാൾ ഇളയങ്കുടി സ്വദേശിയുമാണ്.