ക്വലാലംപൂർ:കൊവിഡ് മൂലം ജോലി നഷ്ടമായവർ നിരവധിയാണ്. അത്തരത്തിലൊരാളാണ് മലേഷ്യൻ സ്വദേശിയായ പൈലറ്റ് അസ്രിൻ മുഹമ്മദ് ജാവ്വി.
ഇപ്പോൾ, ഒരു ഭക്ഷണ സ്റ്റാൾ നടത്തുകയാണ് അദ്ദേഹം. ഇദ്ദേഹം ഭക്ഷണം വിളമ്പുന്നത് പൈലറ്റിന്റെ യൂണിഫോം ധരിച്ചാണ് എന്ന പ്രത്യേകതയുമുണ്ട്.
എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പ് ജാവ്വി വെളുത്ത യൂണിഫോമും ക്യാപ്റ്റന്റെ കറുത്ത തൊപ്പിയും ധരിക്കും. പിന്നീട്, തലസ്ഥാനമായ ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ നൂഡിൽസ് ഷോപ്പായ ക്യാപ്റ്റൻ കോർണറിൽ എത്തും.
ജാവ്വിയും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന് ഒരു വരുമാന മാർഗം അത്യാവശ്യം ആയിരുന്നു. അങ്ങനെയാണ് പുതിയ ബിസിനസ് ആരംഭിച്ചത്.
രുചികരമായ മലേഷ്യൻ വിഭവങ്ങൾ പൈലറ്റ് വേഷധാരിയായ ജാവ്വി വിളമ്പുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. സമൂഹമാദ്ധ്യമങ്ങളിലെ താരമാണ് ജാവ്വിയിപ്പോൾ.
44 കാരനായ ജാവ്വി ഏകദേശം രണ്ട് പതിറ്റാണ്ടോളം പൈലറ്റായി ജോലി നോക്കിയിരുന്നു.
എന്നാൽ, കൊവിഡ് മൂലം 'മാലിൻഡോ എയർ' വിമാനക്കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ ജോലി നഷ്ടമായ ആയിരക്കണക്കിന് ജീവനക്കാരിൽ ഒരാളായി മാറി ജാവ്വിയും.
തന്റെ കഥ തന്നെപ്പോലെ പകർച്ചവ്യാധി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പ്രചോദനമാകുമെന്ന് ജാവ്വി പ്രതീക്ഷിക്കുന്നു.