ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ.കൃഷ്ണൻ സുബ്രഹ്മണ്യനാണ് (46) ഇന്നലെ ഉച്ചകഴിഞ്ഞ് ലെസ്റ്ററിൽ മരിച്ചത്. അനസ്തെഷ്യ സ്പെഷ്യലിസ്റ്റായിരുന്ന കൃഷ്ണൻ ഡെർബി ഹോസ്പിറ്റിറ്റലിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. നോർത്താംപ്റ്റൺ, ലെസ്റ്റർ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.
കൃഷ്ണൻ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലൻഫീൽഡ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. പ്രിയദർശിനി മേനോനാണ് ഭാര്യ. ബ്രിട്ടനിൽ പത്തുദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ.കൃഷ്ണൻ.