ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത്തെ ഏറെ പ്രചോദനകരമായാണ് പലരും ഏറ്റെടുക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാര്യത്തിലും അങ്ങനെ തന്നെ. തന്റെ ഓർമക്കുറിപ്പുകൾ വിവരിക്കുന്ന ' എ പ്രോമിസ്ഡ് ലാൻഡ് ' എന്ന പുതിയ പുസ്തകത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പറ്റിയുള്ള കാഴ്ചപ്പാടുകൾ ഒബാമ വിവരിച്ചത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ ഒബാമ വെളിപ്പെടുത്തിയിരുന്നു. 2015ൽ ടൈം മാഗസിനിലെഴുതിയ ഒരു കുറിപ്പിൽ ഇന്ത്യയുടെ മുഖ്യ പരിഷ്കർത്താവ് എന്നാണ് ഒബാമ മോദിയെ വിശേഷിപ്പിച്ചത്.
ബാല്യകാലത്തിൽ കുടുംബത്തെ സഹായിക്കാനായി അച്ഛനൊപ്പം മോദി ചായ വില്പന നടത്തിയെന്നും എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ അദ്ദേഹം നയിക്കുന്നുവെന്നും ഒബാമ തന്റെ ലേഖനത്തിൽ പറയുന്നു. ദാരിദ്ര്യത്തിൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ജീവിതകഥ ഇന്ത്യയുടെ ഉയർച്ചയിലേക്കുള്ള സാദ്ധ്യകളേയും ശക്തിയേയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
തന്റെ പാത പിന്തുടരാൻ കൂടുതൽ ഇന്ത്യക്കാരെ സഹായിക്കാൻ മോദി തീരുമാനമെടുത്തതായി ഒബാമ ലേഖനത്തിൽ കുറിച്ചു. 'കടുത്ത ദാരിദ്ര്യം കുറയ്ക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം എന്നിവയ്ക്കും അദ്ദേഹത്തിന് മികച്ച കാഴ്ചപ്പാടുകൾ ഉണ്ട്.' ഒബാമ ലേഖനത്തിൽ പറയുന്നു.
മോദിയെ യോഗയുടെ ഭക്തൻ എന്ന് വിശേഷിപ്പിച്ച ഒബാമ, അദ്ദേഹം ട്വിറ്ററിലൂടെ എല്ലാ പൗരന്മാരുമായും ബന്ധം സ്ഥാപിച്ചെന്നും ഡിജിറ്റൽ ഇന്ത്യയെ വിഭാവനം ചെയ്തെന്നും പറയുന്നു. ലോകപ്രശസ്തനായ നേതാവായ മോദി എല്ലാവർക്കും പ്രചോദനം നൽകുന്ന മാതൃകയാണെന്നും മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തെ ഓർത്തുകൊണ്ട് ഒബാമ കുറിച്ചു.