dhoni

ന്യഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായ ക്യാപ്‌ടൻ കൂൾ മഹേന്ദ്ര സിംഗ് ധോണി പങ്കെടുക്കുന്ന അവസാന ഐ.പി.എൽ മത്സരമാകും 2020ൽ നടന്നതെന്ന് പലർക്കും തോന്നിയിരിക്കാം. ഐ.പി.എൽ ടൂർണമെന്റിന് മുന്നെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.പി.എല്ലിൽ നിന്നും ഉടൻ വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

പ്ലേ ഓഫിൽ പോലും കയറാതെ മത്സരത്തിൽ സി.എസ്.കെ പുറത്തായപ്പോൾ ഇത് ഏറെകുറെ സത്യമാകുമെന്ന് ആളുകൾ കരുതി. എന്നാൽ ഇപ്പോൾ സി.എസ്.കെയുടെ ഭാവി പ്രവചിക്കുകയാണ് ഇന്ത്യൻ ടീമിന്റെ മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. അടുത്ത ഐ.പി.എൽ സീസണിൽ ധോണി ഉണ്ടേ? എന്ന ചോദ്യത്തിന് സഞ്ജയുടെ മറുപടി ഇതാണ്. "എനിക്ക് മനസിലാക്കാൻ കഴിയുന്നിടത്തോളം, എം‌എസ് ധോണി അടുത്ത വർഷം ക്യാപ്‌ടനായിരിക്കില്ല. ഫാഫ് ഡു പ്ലെസിസിന് ക്യാപ‌്ടൻ സ്ഥാനം നൽകി ധോണി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരുതുന്നു." കാരണം ക്യാപ്‌ടനാകാൻ കഴിയുന്ന മറ്റൊരാൾ ചെന്നെെ ടീമില്ലെന്നും മറ്റു ടീമുകൾ അതിന് യോഗ്യനായ ആളെ വിട്ടു നൽകില്ലെന്നും സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു.

2021ൽ നടക്കാനിരിക്കുന്ന ഐ.പി.എൽ മത്സരത്തിൽ ധോണി എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയണം. എന്നാൽ ചെന്നെെയുടെ ആരാധകർ ധോണി വീണ്ടും മഞ്ഞ കുപ്പായം അണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ്.