childrens-day

തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി ഓണ്‍ലൈന്‍ ശിശുദിന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാന്‍.ജെ.എസ് പത്രകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്ത് നവംബര്‍ 14-ന് ശനിയാഴ്ച പകല്‍ 11 മണിക്ക് തൈക്കാട് ശിശുക്ഷേമ ഹാളില്‍ കുട്ടികളുടെ നേതാക്കളുടെ ഓണ്‍ലൈന്‍ പൊതുയോഗം നടക്കും.


തുറന്ന ജീപ്പില്‍ പൊതുയോഗഹാളില്‍ പ്രവേശിക്കുന്ന കുട്ടികളുടെ നേതാക്കളെ മുഖ്യാതിഥികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ ഓണ്‍ലൈനായി ശിശുദിന സന്ദേശം നല്‍കും. തുടര്‍ന്ന് ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് മുഖ്യമന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രി നന്മ.എസ് സംസ്ഥാനതല ശിശുദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും.


പ്രസിഡന്റ് ആദര്‍ശ്.എസ്.എം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്പീക്കര്‍ ഉമ.എസ് മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ നേതാക്കളായ നൈനിക അനില്‍ സ്വാഗതവും ശ്രീലക്ഷ്മി.സി നന്ദിയും പറയും. ‘അതിജീവനത്തിന്റെ കേരളപാഠം’ എന്നതാണ് ഇത്തവണത്തെ ശിശുദിന സന്ദേശം. പൊതുയോഗം ലൈവായി കാണുന്നതിനായി https://www.facebook.com/Kerala-State-Council-for-Child-Welfare-കേരള-സംസ്ഥാന-ശിശുക്ഷേമ-സമിതി-102726961417807/ എന്ന ലിങ്ക് സന്ദർശിക്കുക.