kfc

 വായ്‌പ നൽകുന്നത് 2,000 പേർക്ക്

തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 2,000 പേർക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) ഒരുലക്ഷം രൂപവരെ ഈടുരഹിത വായ്‌പ നൽകും. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ പരിഗണിച്ചും മറ്റു പരിശോധനകൾ ഇല്ലാതെയുമാണ് വായ്‌പ നൽകുകയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

ബിസിനസ് രംഗത്തേക്ക് വരുന്ന തുടക്കക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്ക് മൂലധനം സ്വരൂപിക്കുന്നത് ദുഷ്‌കരമായ പശ്ചാത്തലത്തിലാണ് ഉദാരവ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വായ്‌പയുടെ 50 ശതമാനം തുക അപേക്ഷ ലഭിച്ച് ഒരാഴ്‌ചയ്ക്കകം മുൻകൂറായി നൽകും. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അതിവേഗം വായ്‌പ അനുവദിക്കും. മൂന്നുവർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ ആഴ്‌ചതോറും തിരിച്ചടവ് നടത്താം. വായ്‌പ ലഭിക്കാനുള്ള എം.എസ്.എം.ഇ രജിസ്‌ട്രേഷൻ, പാൻ കാർഡ് എന്നിവയും കെ.എഫ്.സി വഴി ലഭ്യമാക്കും. ഇത്തരം ആകർഷക വായ്‌പ സംസ്ഥാനത്ത് ആദ്യമാണെന്നും ചെയർമാൻ പറഞ്ഞു.

പദ്ധതിയിൽ വായ്‌പാപ്പലിശ ഏഴ് ശതമാനമാണ്. ഇതിൽ മൂന്നു ശതമാനം സർക്കാർ സബ്‌സിഡിയും ഉൾപ്പെടുന്നു. സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മറ്റ് സബ്‌സിഡികൾക്കുള്ള അർഹതയും ഉണ്ടായിരിക്കും. പദ്ധതിപ്രകാരം 400ഓളം വായ്‌പകൾക്ക് ഇതിനകം അനുമതി നൽകി. അപേക്ഷകരിൽ ഇതുവരെ മൂന്നിലൊന്നും വനിതകളാണ്.