മുംബയ്: ഐ.പി.എൽ ടൂർണമെന്റിന് ശേഷം നാട്ടിലേക്ക് വരവെ മുംബയ് വിമാനത്താവളത്തിൽ വച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) തടഞ്ഞുവച്ച ചാമ്പ്യൻ ടീം മുംബയ് ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യയുടെ കൈവശം കോടി രൂപയിലേറെ വിലവരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി വിവരം. ബി.സി.സി.ഐ സമ്മാനമായി നൽകിയ വാച്ചും ഇക്കൂട്ടത്തിലുണ്ട്.
കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളുടേയും വാച്ചുകളുടേയും ആകെ മൂല്യം ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായതിലും കൂടുതലായിരുന്നു.വിഷയം കസ്റ്റംസ് വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ആഡംബരവാച്ചുകളും മറ്റും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ക്രുനാൽ ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കില്ലെന്നും അറിയിച്ചു. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ക്രുനാലിനെ പിഴ അടപ്പിച്ച ശേഷം വിട്ടയക്കുകയായിരുന്നു