തിരുവനന്തപുരം: അഫ്ഗാൻ മധ്യനിര താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ്.സിയുമായി കരാറിൽ ഒപ്പുവച്ചു. റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 30 കാരനായ ഷെരീഫ് ഗോകുലത്തിൽ എത്തുന്നത്. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും കളിക്കുവാൻ കഴിയുന്ന താരമാണ് ഷെരീഫ്. റഷ്യയിൽ ജനിച്ച ഷെരീഫ്, ഏഴാം വയസ്സിൽ അൻസിയ മക്കാചക്കാല എന്ന ക്ലബിന്റെ അക്കാഡമിയിൽ ചേർന്നു. പിന്നീട് റഷ്യൻ പ്രീമിയർ ലീഗിൽ അൻസിയൻ ജേഴ്സിയിൽ ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വർഷം അൻസിയിൽ കളിച്ച ഷെരീഫ്, റോബർട്ടോ കാർലോസ്, സാമുവേൽ എറ്റു, വില്ലിയൻ എന്നീ പ്രമുഖ താരങ്ങളുടെ കൂടെ കളിച്ചിട്ടുണ്ട്. പിന്നീട് സ്വീഡനിലും മാൽദ്വീപ്‌സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ എഫ് സി കപ്പ് കളിക്കുകയും ചെയ്തു. അഫ്ഗാൻ ദേശീയ ടീമിലെ സ്ഥിരാംഗമാണ്. "ഇന്ത്യയിൽ ഞാൻ ആദ്യമായിട്ടാണ് കളിക്കാനെത്തുന്നത്.
ഈ അവസരം കിട്ടിയതിൽ ഞാൻ സന്തുഷ്ടനാനാണ്. ഗോകുലത്തിനു വേണ്ടി ഐ ലീഗ് നേടുക എന്നതാണ് എന്റെ ലക്ഷ്യം.
ഷെരീഫ്
ഗോകുലം കേരള എഫ്.സിയിലേക്കു ഞങ്ങൾ ഷെരീഫിനെ സ്വാഗതം ചെയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,
ഗോകുലം ഗോപാലൻ, ഗോകുലം കേരള എഫ്.സി ചെയർമാൻ