ബ്യൂണഴ്സ് അയേഴ്സ് : ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനിയ്ക്ക് പരാഗ്വെയ്ക്കെതിരെ സമനില കുരുക്ക്. 21 -ാം മിനിട്ടിൽ എയ്ഞ്ചൽ റൊമീറോ പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ മുന്നിലെത്തിയ പരാഗ്വെയെ 41-ാം മിനിട്ടിൽ നിക്കോളാസ് ഗോൺസ്വാലസ് നേടിയ ഗോളിൽ അർജന്റീന സമനിലയിൽ പിടിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇതിഹാസ താരവും നായകനുമായ ലയണൽ മെസി പരാഗ്വെ വലകുലുക്കിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി അത് ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് അർജന്റീനയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മെസിയുടെ ഒരു ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു. ലൗട്ടാരോ മാർട്ടിനസ് ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതും അർജന്റീനയുടെ വിജയത്തെ തടഞ്ഞു.
പരിക്കിന്റെ പിടിയിലായ സൂപ്പർാരങ്ങളായ സെർജിയോ അഗ്യൂറോയും പൗളോ ഡിബാലയുമില്ലാതെയാണ് അർജന്റീന പരാഗ്വേയ്ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. ബാൾ പൊസഷനിലും പാസിംഗിലും തൊടുത്ത ഷോട്ടുകളിലുമെല്ലാം അർജന്റീനൻ ആധിപത്യമായിരുന്നെങ്കിലും അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിൽ ആതിഥേയർ പരാജയപ്പെടുകയായിരുന്നു.
21-ാം മിനിട്ടിൽ റൊമേറോയുടെ പെനാൽറ്റി ഗോൾ വന്നതോടെ പ്രസ്സ് ചെയ്ത് കളിച്ച അർജന്റീന ഇരുപത് മിനിട്ടിന് ശേഷം ഗോൺസ്വാലസിന്റെ ഗോളിൽ ഒപ്പമെത്തുകയായിരുന്നു. ലേ സൊൽസോ നൽകിയ ക്രോസാണ് ഹെഡ്ഡറിലൂടെ ഗോൺസ്വാലസ് വലയിലേക്ക് തിരിച്ചു വിട്ടത്.
ഇടവേളയ്ക്ക് ശേഷം അർജന്റീന ആക്രമണം കടുപ്പിച്ചു. തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ മെസി പരാഗ്വെ വലയിൽ പന്തെത്തിച്ചെങ്കിലും വാർ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. തുടർന്ന് മെസിയുടെ ഫ്രീകിക്ക് ബാറിൽ തട്ടിത്തെറിക്കുകയും മാർട്ടിനസ് അവസരം നഷ്ടമാക്കുകയും ചെയ്തതോടെ അർജന്റീനയുടെ വിജയ പ്രതീക്ഷ അവസാനിച്ചു.
ജയിച്ചില്ലെങ്കിലും പോയിന്റ് ടേബിളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പരാഗ്വെ നാലാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ഇക്വഡോർ 3-2ന് ബൊളീവിയയെ കീഴടക്കി. ബെഡർ സെയ്സെഡൊ, എയ്ഞ്ചൽ മെന, കാർലോസ് ഗ്രൂസോ എന്നിവരാണ് ഇക്വഡോറിന്റെ സ്കോറർമാർ. ആർസെ, മൊറോനൊ എന്നിവർ ബൊളീവിയയ്ക്കായി സ്കോർ ചെയ്തു.